
അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിൽ എത്തിച്ച ശബരിമലയിലെ ദ്വാരപാലക ശിൽപത്തിലുണ്ടായിരുന്നത് ചെമ്പാണെന്ന സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദങ്ങൾ പൊളിയുന്നു. 1999 ൽ വിജയ് മല്യ ശബരിമല ശ്രീകോവിലിൽ സ്വർണം പൂശിയപ്പോൾ അക്കൂട്ടത്തിൽ ദ്വാരപാലക ശിൽപങ്ങളും ഉൾപ്പെടുത്തിയിരുന്നു എന്നാണ് ദേവസ്വം രജിസ്റ്ററിലും മഹസറിലും രേഖപ്പെടുത്തിയിരിക്കുന്നത്. ദേവസ്വം കമ്മീഷണറുടെ ഉത്തരവനുസരിച്ച് 1999 മാർച്ച് 27 നാണ് സ്വർണം പൊതിഞ്ഞത്. 2019 ൽ താൻ കൊണ്ടുപോയത് ചെമ്പാണെന്നായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദം.
അതേസമയം, ദ്വാരപാലക ശിൽപ്പത്തിൽ സ്വർണം പൂശിയിരുന്നതായി നിർണായക മൊഴിയും ദേവസ്വം വിജിലൻസിന് ലഭിച്ചിട്ടുണ്ട്. വിജയ് മല്യയുടെ തൊഴിലാളി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് ശിൽപ്പങ്ങളിലായി 800 ഗ്രാം സ്വർണം പൂശിയിരുന്നു. സ്വർണം പൂശിയ ചെന്നൈ ജെ ജെ എൻ ജ്വല്ലറിയിൽ ജോലി ചെയ്തിരുന്ന മാന്നാർ സ്വദേശിയായ ജീവനക്കാരന്റേതാണ് മൊഴി.
പോറ്റിയെ ഇന്ന് വിശദമായി ചോദ്യം ചെയ്യാനാണ് ദേവസ്വം വിജിലൻസിന്റെ നീക്കം. ഉണ്ണികൃഷ്ണൻ പോറ്റി എവിടെയെല്ലാം പണപ്പിരിവ് നടത്തി? യഥാർഥ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി തന്നെയോ? ഇടനിലക്കാർ വേറെയുണ്ടോ? ശബരിമലയിൽ നിന്ന് ചെന്നൈ സ്മാർട്ട് ക്രിയേഷൻസിലേക്ക് സ്വർണപ്പാളികൾ എത്തിക്കാനെടുത്ത മുപ്പതിലേറെ ദിവസം ദ്വാരപാലക ശിൽപത്തിലെ പാളികൾ എവിടെയായിരുന്നു? തങ്ക വാതിൽ പണപ്പിരിവ് നടത്തി എവിടെയെല്ലാം പ്രദർശിപ്പിച്ചു. തുടങ്ങി ഉണ്ണികൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടുകളും റിയൽ എസ്റ്റേറ്റ് ബന്ധങ്ങളും അന്വേഷണ പരിധിയിൽ വരും.