
കൊച്ചി: എറണാകുളം പള്ളുരുത്തി സെൻ്റ് റീത്താസ് പബ്ലിക് സ്കൂളിൽ ശിരോവസ്ത്രം ധരിച്ചതിൻ്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസിൽ കയറ്റാതെ പുറത്തുനിർത്തിയ സംഭവത്തിൽ, സ്കൂൾ മാനേജ്മെൻ്റിന് തിരിച്ചടി. വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന സ്കൂളിൻ്റെ ആവശ്യം ഹൈക്കോടതി തള്ളി.
സ്‌കൂളിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്നും പെണ്‍കുട്ടിയെ ഹിജാബ് ധരിച്ച് സ്‌കൂളില്‍ തുടരാന്‍ അനുവദിക്കണമെന്നുമാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് സ്‌റ്റേ ചെയ്യണമെന്നാണ് സ്‌കൂൾ ഹർജിയിൽ ആവശ്യപ്പെട്ടത്. ഹർജിയിൽ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്.
ജസ്റ്റിസ് വി.ജി അരുൺ ആണ് ഹര്‍ജി പരിഗണിച്ചത്. യൂണിഫോമിൻ്റെ കാര്യത്തില്‍ വ്യക്തിഗത അവകാശങ്ങള്‍ മറികടക്കാന്‍ സ്ഥാപനത്തിന് ആകില്ലെന്ന് കോടതി നിരീക്ഷിച്ചു. 2018 ലെ ഫാത്തിം തസ്‌നിം കേസിലെ കേരള ഹൈക്കോടതി വിധി കോടതി ഉദ്ധരിച്ചു.