
പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച ഡോ. എ.പി.ജെ അബ്ദുല്‍ കലാം സ്റ്റേഡിയം കായിക, ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നാടിന് സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയായി 46 ലക്ഷം രൂപ ചെലവഴിച്ചാണ് ഡോ. എ.പി.ജെ അബ്ദുല്‍ കലാം സ്റ്റേഡിയത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അഡ്വ. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങളിലായി കായിക മേഖലയില്‍ രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിനും സാധിക്കാത്ത നിരവധി കാര്യങ്ങളില്‍ പുരോഗതി കൈവരിക്കാന്‍ നമുക്ക് സാധിച്ചതായി സ്റ്റേഡിയം ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. 400 ചെറുതും വലുതുമായ സ്റ്റേഡിയങ്ങളും കളിക്കങ്ങളും നിര്‍മ്മിച്ചു. ഭൂരിഭാഗം തദ്ദേശ സ്വയംഭരണ സ്ഥാപങ്ങള്‍ക്ക് കീഴിലും കളിക്കളങ്ങളുണ്ടെന്നത് ഉറപ്പ് വരുത്താനായതായും മന്ത്രി പറഞ്ഞു. കളിക്കളങ്ങള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ അവ തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും 11 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിക്കുന്ന രണ്ട് ഹൈമാമാസ്റ്റ് ലൈറ്റുകളുടെയും, ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് രണ്ട് ലക്ഷം രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന ഓപ്പണ്‍ ജിമ്മിലേക്ക് ഉപകരണങ്ങള്‍ സ്ഥാപിക്കലും ഉള്‍പ്പടെയുള്ള പദ്ധതികള്‍ അടിയന്തരമായി ഗ്രൗണ്ടില്‍ പൂര്‍ത്തീകരിക്കപ്പെടുകയാണ്.
ചടങ്ങില്‍ വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് മുഖ്യാതിഥിയായി. പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ ഐവിന്‍ ഗോഡ്വിന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.കെ. ഡേവിസ് മാസ്റ്റര്‍, പുത്തന്‍ച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി, വൈസ് പ്രസിഡന്റ് എ.പി. വിദ്യാധരന്‍, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ എ.എന്‍. രേണുക, വാസന്തി സുബ്രമണ്യന്‍, സംഗീത അനീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.