
ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസുദ്യോഗസ്ഥര്‍ക്കു രാഷ്ട്രം ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. എല്ലാ വര്‍ഷവും ഒക്ടോബര്‍ 21 നാണു രാജ്യവ്യാപകമായി പോലീസ് സ്മൃതിദിനം ആചരിക്കുന്നത്.
തിരുവനന്തപുരത്തു പോലീസ് ആസ്ഥാനത്തെ സ്മൃതിഭൂമിയില്‍ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍ പുഷ്പ ചക്രം അര്‍പ്പിച്ചു. സായുധരായ പോലീസ് സേനാംഗങ്ങള്‍ വീരചരമം പ്രാപിച്ച പോലീസ് ഉദ്യോഗസ്ഥരുടെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിച്ചു സല്യൂട്ട് ചെയ്തു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കോട്ടയത്ത് തെള്ളകത്തു ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ ആക്രമണത്തിനിരയായി മരണപ്പെട്ട സിവില്‍ പോലീസ് ഓഫീസര്‍ ശ്യാമ പ്രസാദിന് പോലീസ് സേന ആദരമര്‍പ്പിച്ചു. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെ കോട്ടയത്ത് ജില്ലാ പോലീസ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് .എ ആദരിച്ചു.
പോലീസ് അര്‍ധസൈനിക വിഭാഗങ്ങളില്‍ നിന്നായി 191 പോലീസ് ഉദ്യോഗസ്ഥരാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടയില്‍ വീരചരമം പ്രാപിച്ചത്.
1959 ലെ ഇന്ത്യ ചൈന തര്‍ക്കത്തില്‍ ലഡാക്കിലെ ഹോട് സ്പ്രിങ്ങില്‍ വച്ച് കാണാതായ പോലീസ് സേനാംഗങ്ങളെ കണ്ടെത്താന്‍ പോയ പോലീസ് സംഘത്തിന് നേരെ ചൈനീസ് സൈന്യം നടത്തിയ ആക്രമണത്തിനിടെ ചെറുത്തുനിന്ന പത്തു പോലീസുകാര്‍ക്ക് ജീവന്‍ ത്യജിക്കേണ്ടി വന്നു. ഇവരുടെ സ്മരണാര്‍ത്ഥമാണ് ഒക്ടോബര്‍ 21 രാജ്യവ്യാപകമായി പോലീസ് സ്മൃതിദിനമായി ആചരിക്കുന്നത്.