
സത്യം സംസാരിക്കുന്നത് മാധ്യമങ്ങളുടെ നയമായിരിക്കണം – മന്ത്രി വീണാ ജോർജ് സത്യം സംസാരിക്കുന്നത് മാധ്യമങ്ങളുടെ നയമായിരിക്കണമെന്നും നൽകിയ വാർത്ത തെറ്റായാൽ അത് തിരുത്തുവാനും തെറ്റാണെന്ന് പറയുവാനുമുള്ള ആർജ്ജവം പല മാധ്യമങ്ങൾക്കും ഇല്ലായെന്നും മാധ്യമ സാക്ഷരത അനിവാര്യമായ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 35-)o സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ‘മാധ്യമങ്ങൾ – സ്വദേശാഭിമാനി മുതൽ സോഷ്യൽ മീഡിയ വരെ’ എന്ന വിഷയത്തിൽ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. .കെപിഒഎ സംസ്ഥാന ജനറൽ സെക്രട്ടറി സി ആർ ബിജുവിന്റെ അധ്യക്ഷതയിൽ കൂടിയ സെമിനാറിൽ ദക്ഷിണമേഖല ഐജി ശ്യാംസുന്ദർ ഐപിഎസ് വിഷയാവതരണം നടത്തി . തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോർഡിനേറ്റിങ് എഡിറ്റർ ശ്രീജൻ ബാലകൃഷ്ണൻ എന്നിവർ വിഷയത്തെ അധികരിച്ച് സംസാരിച്ചു. കെപിഒഎ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ എൻ സജീർ സ്വാഗതവും ആർ പി അരവിന്ദ് നന്ദിയും രേഖപ്പെടുത്തി.