
പശ്ചിമബംഗാളിൽ വീണ്ടും കൂട്ട ബലാത്സംഗം; മെഡിക്കൽ വിദ്യാർഥിനിയെ ക്യാമ്പസിന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു
കൊൽക്കത്ത: പശ്ചിമബംഗാളിൽ വീണ്ടും ക്രൂര ബലാത്സംഗം. ബർധമാൻ ജില്ലയിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിലെ വിദ്യാർഥിനിയാണ് ക്രൂര ബലാത്സംഗത്തിന് ഇരയായത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കോളേജ് ക്യാമ്പസിന് പുറത്തേക്ക് വിദ്യാർഥിനിയെ വലിച്ചിഴച്ച് കൊണ്ടുപോയാണ് പീഡനം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
ഒഡീഷ സ്വദേശിനായണ് പീഡനത്തിനിരയായ പെൺകുട്ടി. വെള്ളിയാഴ്ച രാത്രി ക്യാമ്പസിൽ പുരുഷ സുഹൃത്തിനൊപ്പം സംസാരിച്ച് നിൽക്കയേയാണ് ഒരുസംഘം ആളുകൾ പെൺകുട്ടിയെ ക്യാമ്പസിന് പുറത്തുള്ള കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു. ഉടൻ സംഭവസ്ഥലത്ത് പോലീസ് എത്തിയെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞില്ല. നിലവിൽ പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
കോളേജ് ക്യാമ്പസിലെയും സമീപ പ്രദേങ്ങളിലെയും സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. മെഡിക്കൽ കോളേജിലെ വിദ്യാർഥികളെയും സംഭവം സമയം കുട്ടിയോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനെയും ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.
സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോട് പശ്ചിമബംഗാൾ പ്രിൻസിപ്പൽ ഹെൽത്ത് സെക്രട്ടറി നാരായൺ സ്വരൂപ് ആവശ്യപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ കോളേജ് അധികൃതർക്കെതിരെ ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ് രംഗത്തെത്തി. കോളേജ് അധികൃരുടെ അശ്രദ്ധാണ് ഇതിന് പിന്നിൽ. ഹോസ്റ്റലിൽ മതിയായ സുരക്ഷ ഒരുക്കിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
“എന്റെ മകളെ ബലാത്സംഗം ചെയ്തതായും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും എത്രയും വേഗം എത്തണമെന്നും അറിയിച്ചുകൊണ്ട് ഇന്നലെ രാത്രി എനിക്ക് ഒരു കോൾ ലഭിച്ചു. ഇന്ന് രാവിലെ ഞാൻ എത്തിയപ്പോൾ എന്റെ മകളുടെ നില ഗുരുതരമാണെന്ന് കണ്ടു. ആശുപത്രി അധികൃതരിൽ നിന്ന് ഒരു പ്രതികരണവും ലഭിച്ചില്ല”.’-അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കോളേജ് പ്രിൻസിപ്പൾ ഇതുവരെ പ്രതികരിച്ചിട്ടീല്ല.
പശ്ചിമബംഗാളിലെ ഇത്തരം സംഭവങ്ങൾ അപലപനീയമാണെന്ന് ദേശീയ വനിതാ കമ്മീഷൻ അംഗം അർച്ചന മജുംദാർ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. ദുഖകരമായ കാര്യം ഇരകൾക്ക് നീതി ലഭിക്കുന്നില്ലായെന്നതാണ്. ഇത്തരം സംഭവങ്ങളിലെ കുറ്റവാളികളെല്ലാം പുറത്താണെന്നും അവർ പറഞ്ഞു.
സമീപകാലത്ത് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ പശ്ചിമബംഗാളിൽ വർധിച്ചുവരികയാണ്. ആർ.ജി. കാർ മെഡിക്കൽ കോളേജിൽ അടുത്തിടെയാണ് മെഡിക്കൽ വിദ്യാർഥിനിയെ ക്രൂരമായി പീഡിപ്പിച്ചതിന് ശേഷം കൊലപ്പെടുത്തിയത്. കൊൽക്കത്ത ലോ കോളേജ് വിദ്യാർഥിനിയും അടുത്തിടെ ക്രൂര ബലാത്സംഗത്തിന് ഇരയായിരുന്നു. സംഭവത്തിൽ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാവുകയാണ്.