
ദേശീയപാത നിര്‍മാണത്തിനിടെ മൈലക്കാട് പ്രദേശത്ത് റോഡ് തകര്‍ന്ന അപകടത്തെതുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുള്ള അടിയന്തര നടപടികള്‍ കൈക്കൊണ്ടാതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായും നിര്‍മാണകമ്പനി അധികൃതരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങള്‍.
കുടിവെള്ളംലഭ്യമാക്കുന്നതിനുള്ളപ്രവര്‍ത്തനത്തിന് തുടക്കമായി. ജലഅതോറിറ്റിയാണ് നിര്‍വഹിക്കുന്നത്. തകര്‍ന്നമേഖലയിലെ പാനലുകള്‍ മാറ്റുകയാണ്. വലത് സര്‍വീസ് റോഡിലൂടെ പൂര്‍ണതോതിലുള്ള ഗതാഗതം ഡിസംബര്‍ ഏഴിന് സാധ്യമാക്കും. 8ന് ഉച്ചയോടെ ഇടത് റോഡിലൂടെ ചെറിയ വാഹനങ്ങള്‍ കടത്തിവിട്ട് ഭാഗികമായി ഗതാഗതം പുന:സ്ഥാപിക്കും.
കെ.എസ്.ഇ.ബിയുടെ തകര്‍ന്ന്‌പോയ ഭൂഗര്‍ഭകേബിളുകള്‍ മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച റിപോര്‍ട്ട് അടിയന്തരമായി സമര്‍പിക്കുന്നമുറയ്ക്ക് പണിയാരംഭിക്കും. ഗതാഗതംനിയന്ത്രിക്കുന്നതിനായി ഹോംഗാര്‍ഡുകള്‍, ഇതരസന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സേവനം വിനിയോഗിക്കും.
നിര്‍മാണപ്രവര്‍ത്തനവുമായിബന്ധപ്പെട്ട് ദേശീയപാതവിഭാഗം നടത്തിയ പരിശോധനകളുടെ വിവരങ്ങള്‍ സമര്‍പിക്കണം. സമാനഅപകടത്തിന് സാധ്യതയുള്ളതായിവിലയിരുത്തപ്പെടുന്ന കൊട്ടിയം, മേവറം, പറക്കുളം, കടവൂര്‍ എന്നിവിടങ്ങളില്‍ ഭൂജല വകുപ്പ്, പൊതുമരാമത്ത് ദേശീയപാതവിഭാഗം; നിരത്ത് വിഭാഗം എന്നിവ സംയുക്ത പരിശോധന നടത്തി വിവരം അടിയന്തരമായി കൈമാറണം. അപകടത്തിന്റെ കാരണംസംബന്ധിച്ച് ദേശീയപാതവിഭാഗം ശാസ്ത്രീയപരിശോധനനടത്തി വിവരംനല്‍കേണ്ടതുണ്ട് എന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
ജില്ലാ ദുരന്തനിവാരണ അതോറിറ്റി സി.ഇ.ഒ ആയ എ.ഡി.എം ജി. നിര്‍മല്‍ കുമാര്‍, ദേശീയപാത കേന്ദ്രനിര്‍മാണവിഭാഗം പ്രതിനിധികള്‍, കരാര്‍ കമ്പനി പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 3443/2025)
തദ്ദേശ തിരഞ്ഞെടുപ്പ്
പോളിംഗിന് 113 ഇനം സാമഗ്രികള്‍
തദ്ദേശ തിരഞ്ഞെടുപ്പിനായി പോളിംഗ്‌സ്റ്റേഷനുകളിലേക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍വശം 113 ഇനങ്ങളടങ്ങിയ സാമഗ്രികള്‍ സുഭദ്രം. വരണാധികാരികള്‍ വിതരണംചെയ്തവയുമായാണ് അതത് കേന്ദ്രങ്ങളിലേക്ക് സംഘങ്ങള്‍ എത്തുക.
തീപ്പെട്ടി മുതല്‍ ഡിറ്റാച്ചബിള്‍ മെമ്മറി മോഡ്യൂള്‍ വരെയുള്ള വൈവിധ്യം ഗൗരവമാര്‍ന്ന കൗതുകം കൂടിയാണ് തീര്‍ക്കുന്നത്. ഒന്നൊഴിയാതെ അനിവാര്യമായ പോളിംഗ് സാമഗ്രികളാണ് വോട്ടിംഗ് പ്രക്രിയ സുഗമവും സുതാര്യവുമാക്കുക. അതാത് ബ്ലോക്ക്, കോര്‍പ്പറേഷന്‍ വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കും സാമഗ്രികള്‍ കൈമാറി.
വോട്ടര്‍മാരുടെ എണ്ണവും വിവരങ്ങളും അടങ്ങിയ 21 എ ഫോമുകള്‍, യന്ത്രങ്ങളുടെമുദ്രണത്തിന് ഉപയോഗിക്കുന്ന വെള്ളചരട്, തപാല്‍ വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ച മാര്‍ക്ക്ഡ് വോട്ടര്‍ പട്ടിക, വോട്ടര്‍ പട്ടികയില്‍ അടയാളംചെയ്യാന്‍ ചുവന്ന മഷിയുള്ള പേന തുടങ്ങി ചെറുതും വലുതുമായ വസ്തുക്കളുണ്ട്. വോട്ടിംഗ്‌യന്ത്രത്തിന് തകരാര്‍ സംഭവിച്ചാല്‍ വിവരങ്ങള്‍വീണ്ടെടുക്കാന്‍സഹായിക്കുന്ന ഡിറ്റാച്ചബിള്‍ മെമ്മറി മോഡ്യൂള്‍, പോളിംഗ് ബൂത്തില്‍ വൈദ്യുതിതടസം നേരിട്ടാല്‍ ഉപയോഗിക്കാനുള്ള മെഴുകുതിരിയും തീപ്പെട്ടിയും വരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഓരോ ത്രിതല പഞ്ചായത്തുകള്‍ക്കും വ്യത്യസ്ത നിറത്തില്‍ ക്രമീകരിച്ചിട്ടുള്ള ബാലറ്റ് ലേബലുകള്‍. വെള്ള നിറത്തിലുള്ള ബാലറ്റുകള്‍ ഗ്രാമപഞ്ചായത്തിനും നീലനിറത്തിലുള്ളവ ജില്ലാ പഞ്ചായത്തിനും പിങ്ക് നിറത്തിലുള്ള ബാലറ്റുകള്‍ ബ്ലോക്ക് പഞ്ചായത്തിനുമാണ്.
പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ മെഴുക് ഉപയോഗിച്ച് സീല്‍ ചെയ്യുമ്പോള്‍ ഉരുകിയ സീലിംഗ് മെഴുകില്‍ പതിപ്പിക്കുന്ന മെറ്റല്‍ സീല്‍, ഉത്തരവുകള്‍, നോട്ടീസുകള്‍ എന്നിവയില്‍ മുദ്രണം ചെയ്യാന്‍ ഉപയോഗിക്കുന്ന റബര്‍ സീലുകള്‍ എന്നിവയും കൂട്ടത്തിലുണ്ട്. ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും സീല്‍ചെയ്യാന്‍ ഉപയോഗിക്കുന്ന പിങ്ക് പേപ്പര്‍ സീല്‍, മോക് പോള്‍ നടത്തിയതിനുശേഷം വോട്ടിംഗ്‌യന്ത്രങ്ങള്‍ സീല്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ഗ്രീന്‍ പേപ്പര്‍ സീല്‍, സ്ട്രിപ്പ് പേപ്പര്‍ സീല്‍, പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് വോട്ടിങ്ങുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വിവരിക്കുന്ന കൈപുസ്തകം എന്നിവയും പോളിംഗ് സാമഗ്രികളില്‍ ഉള്‍പ്പെടുന്നു.
സിവില്‍ സ്റ്റേഷനിലെ ഇലക്ഷന്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന പോളിംഗ് സാമഗ്രികളാണ് വരണാധികാരികള്‍ക്ക് കൈമാറിയത്. ഇവ ഡിസംബര്‍ 8ന് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യും.
(പി.ആര്‍.കെ നമ്പര്‍ 3444/2025)
