
കൊച്ചി: യുവനേതാവ് ഫൈവ് സ്റ്റാർ ഹോട്ടലിലേയ്ക്ക് ക്ഷണിച്ചെന്ന് യുവ മാധ്യമ പ്രവർത്തകയും അഭിനേത്രിയുമായി റിനി ആൻ ജോർജ്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടതിന് പിന്നാലെയാണ് യുവനേതാവിൽ നിന്ന് മോശം അനുഭവം ഉണ്ടായതെന്നാണ് വെളിപ്പെടുത്തൽ. ‘ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ റൂം എടുക്കാം, വരണമെന്ന് പറഞ്ഞു എന്നായിരുന്നു റിനിയുടെ വെളിപ്പെടുത്തൽ.
യുവനേതാവ് അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും മോശം സന്ദേശങ്ങൾ അയച്ചത് ഷോക്കിങായിരുന്നുവെന്നും റിനി വെളിപ്പെടുത്തി. അശ്ലീല മെസേജ് അയച്ചപ്പോൾ ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞു. എന്നാൽ പ്രമാദമായ സ്ത്രീ പീഡനക്കേസുകളിൽപ്പെട്ട രാഷ്ട്രീയ നേതാക്കൾക്ക് എന്ത് സംഭവിക്കും എന്നാണ് തിരിച്ച് ചോദിച്ചതെന്നും യുവ മാധ്യമ പ്രവർത്തക വെളിപ്പെടുത്തി. സമീപകാലത്ത് സോഷ്യൽ മീഡിയയിൽ ഇതേ വ്യക്തിയെക്കുറിച്ച് ആരോപണം ഉയർന്നിരുന്നുവെന്നും റിനി ചൂണ്ടിക്കാണിച്ചു. ഹൂ കെയേഴ്സ് എന്നാണ് ഇയാളുടെ ആറ്റിറ്റ്യൂഡ് എന്നും റിനി വെളിപ്പെടുത്തി. ആരും മുന്നോട്ട് വരാതിരുന്നത് കൊണ്ടാണ് താനിപ്പോൾ തുറന്നു പറയുന്നത്. പല സ്ത്രീകൾക്കും സമാന അനുഭവം ഉണ്ടായി. ആരും തുറന്നു പറയാൻ തയാറാകാത്തതാണെന്നും റിനി വ്യക്തമാക്കി.
നേതാവിനെ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ടത്. പരിചയപ്പെട്ട ഉടനെ തന്നെ മോശം പെരുമാറ്റം ഉണ്ടായി. ഫൈവ് സ്റ്റാർ ഹോട്ടലിൽ മുറിയെടുക്കാം വരണമെന്ന് യുവനേതാവ് ആവശ്യപ്പെട്ടെന്നും മാധ്യമ പ്രവർത്തക വെളിപ്പെടുത്തി. അപ്പോൾ തന്നെ പ്രതികരിച്ചുവെന്നും റിനി ആൻ ജോർജ് പറഞ്ഞു.
നേതാവിന്റെ പേര് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇയാളില്‍ നിന്നും വലിയ പ്രശ്‌നങ്ങള്‍ നേരിട്ട പെണ്‍കുട്ടികള്‍ പ്രതികരിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ തുറന്ന് പറഞ്ഞതെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു. പല ഫോറങ്ങളിലും പരാതി പറഞ്ഞിട്ടുണ്ട്. അതിന് കിട്ടിയത് ഹൂ കെയേഴ്‌സ് ആറ്റിറ്റിയൂഡാണെന്നും റിനി പറഞ്ഞു. ഇതിനിടയില്‍ പ്രതിപക്ഷ നേതാവിന്റെ ഭാഗത്ത് നിന്നും ഹൂ കെയേഴ്‌സ് ആറ്റിറ്റിയൂഡാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതിപക്ഷ നേതാവ് പിതാവിന്റെ സ്ഥാനത്താണെന്നായിരുന്നു റിനിയുടെ മറുപടി.