
തിരുവനന്തപുരം: കാന്‍സര്‍ മരുന്നുകള്‍ പരമാവധി വിലകുറച്ച് നല്‍കാനായി 2024ല്‍ ആരംഭിച്ച കാരുണ്യ സ്പര്‍ശം സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ വഴി അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ കഴിഞ്ഞവര്‍ക്കുള്ള മരുന്നുകളും വിലകുറച്ച് നല്‍കുന്നതിന് നടപടി സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന സര്‍ക്കാര്‍ അവയവദാന രംഗത്ത് നിരവധി പദ്ധതികളാണ് നടപ്പാക്കിയിട്ടുള്ളത്. ഇന്‍ഷുറന്‍സ് പരിരക്ഷയോടെ അവയവദാന ശസ്ത്രക്രിയകള്‍ ചെയ്തുകൊടുക്കുന്നു. മരണാനന്തര അവയവദാനം ചെയ്യുന്ന കുടുംബങ്ങളെ ആദരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വൈകാതെ ഉത്തരവ് പുറത്തിറക്കും. അപ്രതീക്ഷിത ദുരന്തത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടമായി തീവ്ര ദു:ഖത്തില്‍ എടുക്കുന്ന ആ തീരുമാനം ലോകത്തിലെ മഹത്തായ തീരുമാനമായി കരുതുന്നതായും മന്ത്രി വ്യക്തമാക്കി. മരണാനന്തര അവയവ ദാതാക്കളെ അനുസ്മരിക്കലും കുടുംബാംഗങ്ങളെ ആദരിക്കുകയും ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 122 കുടുംബങ്ങളെയാണ് ആദരിച്ചത്.
അവയവദാനവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും സുതാര്യമാക്കുന്നതിനായാണ് ഈ സര്‍ക്കാരിന്റെ കാലത്ത് കെ സോട്ടോ രൂപീകരിച്ചത്. ഇതുവരെ 389 മരണാനന്തര അവയവദാനം കേരളത്തില്‍ നടന്നു. അതിന്റെ ഗുണഭോക്താക്കളായി 1120 പേര്‍ക്ക് പുതിയ ജീവിതം ലഭിച്ചു. അവയവം മാറ്റിവെച്ചാല്‍ മാത്രം ജീവന്‍ നിലനിര്‍ത്താന്‍ കഴിയുന്ന 2801 രോഗികള്‍ കേരളത്തിലുണ്ട്. അവയവദാനത്തില്‍ പലവിധ പ്രതിസന്ധികള്‍ ഉണ്ടാകാറുണ്ട്. കോടതി വ്യവഹാരങ്ങള്‍ കാരണം അവയവദാനം സര്‍ട്ടിഫൈ ചെയ്യുന്നതിന് പല ഡോക്ടര്‍മാരും മടിക്കുന്നു. അതേസമയം കോടതികള്‍ അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന് വലിയ പിന്തുണ നല്‍കി. ജീവിച്ചിരിക്കുന്നവര്‍ തമ്മിലുള്ള അവയവദാനത്തേക്കാള്‍ കൂടുതല്‍ മരണാനന്തര അവയവദാനം സമൂഹത്തില്‍ വര്‍ധിക്കേണ്ടതുണ്ട്. മസ്തിഷ്‌ക മരണാനന്തരം ഒരാള്‍ക്ക് എട്ടിലധികം പേര്‍ക്ക് ജീവന്‍ നല്‍കാന്‍ കഴിയുമെങ്കില്‍ അതില്‍പ്പരം മറ്റൊരു പുണ്യമില്ല. മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കേണ്ടതിന് വലിയ പ്രാധാന്യമുണ്ട്. ഇത് മുന്നില്‍ കണ്ടാണ് അവയവദാന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ‘ജീവനേകാം ജീവനാകാം’ എന്ന പേരില്‍ കെ-സോട്ടോ ക്യാമ്പയിന്‍ സംഘടിപ്പിച്ചു വരുന്നത്. അതിന്റെ ഫലവും കണ്ടു. തിരുവനന്തപുരം ജില്ലാ കളക്ടര്‍ അനുകുമാരിയുടെ നേതൃത്വത്തില്‍ ജീവന്‍ ദാനം എന്ന പേരില്‍ ആരംഭിച്ച ക്യാമ്പയിന്‍ ഇപ്പോള്‍ കുടുംബശ്രീയുമായി സഹകരിച്ച് വിപുലമായിക്കൊണ്ടിരിക്കുന്നു. എറണാകുളം സെന്റ് തെരേസസ് കോളേജിലെ 1000-ത്തോളം വിദ്യാര്‍ത്ഥിനികള്‍ ഒരുമിച്ച് അവയവദാന രജിസ്‌ട്രേഷന്‍ ചെയ്തതുമെല്ലാം മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാതൃകകളാണ്. പല സംഘടനകളും ഇതേറ്റെടുത്തത് സന്തോഷമുള്ള കാര്യമാണ്.