
സണ്ണിക്കുട്ടി എബ്രഹാമിന് ടി വി ആർ ഷേണായ് പുരസ്കാരം
പ്രമുഖ മാധ്യമ പ്രവർത്തകൻ സണ്ണിക്കുട്ടി ഏബ്രഹാമിന് ടി വി ആർ ഷേണായ് പുരസ്കാരം. പത്രപ്രവർത്തക മികവിന് കെ വി തോമസ് വിദ്യാധനം ട്രസ്റ്റ് ഏർപ്പെടുത്തിയതാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം. ഫെബ്രുവരിയിൽ ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
കാൽ നൂറ്റാണ്ട് കാലം മാതൃഭൂമി ദിനപത്രത്തിൽ രാഷ്ട്രീയ റിപ്പോർട്ടിംഗിൽ പ്രാഗൽഭ്യം തെളിയിച്ച സണ്ണിക്കുട്ടി,തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്നു. ജയ്ഹിന്ദ് ടി വി യിൽ ചീഫ് എഡിറ്ററായും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും പ്രവർത്തിച്ചു.സമകാലിക രാഷ്ട്രീയ – സാമൂഹ്യ വിഷയങ്ങളിൽ വിവിധ വാർത്ത ചാനലുകളിൽ വിവിധ പരിപാടികളുടെ അവതാരകനായിരുന്നു. ചാനലുകളിൽ വാർത്ത ചർച്ചകളിൽ സജീവമാണ്. ഏഷ്യനെറ്റ് ന്യൂസിന് വേണ്ടി ‘ പത്രവിശേഷം ‘, ഇന്ത്യവിഷന് വേണ്ടി ‘ ഒപ്പം നടന്ന് ‘ എന്നി പരിപാടികൾ ഏറെ പ്രശംസ പിടിച്ചു പറ്റിയവയായിരുന്നു. ഒപ്പം നടന്ന്, പരിപാടിക്ക് 2004 ൽ ലവേഴ്സ് ഓഫ് ഇന്ത്യൻ വിഷ്യൽ എന്റർടൈന്റ്മെന്റ് അവാർഡ് ലഭിച്ചു.
നിയമസഭകളുടെ പ്രവർത്തനം വിലയിരുത്തിയ, ‘ നമ്മുടെ നിയമ നിർമ്മാണ സഭകൾ’, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജീവചരിത്രമായ ‘ കാലം സാക്ഷി ‘ എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്. ‘ ഇവിടെ വരെ സക്കറിയ ‘ എന്ന പുസ്തകം എഡിറ്റ് ചെയ്തു. മാൻഹോൾ ( 2016 ), എല്ലാം ശരിയാകും ( 2021 ) എന്നി ചലചിത്രങ്ങളിൽ അഭിനയിച്ചു. മന്ദാരം പബ്ളിഷിംഗ് എന്ന പ്രസിദ്ധീകരണശാലയുടെ സ്ഥാപകനാണ്. തൊള്ളായിരത്തി എഴുപ്പത്തിയെട്ട് മുതൽ വാർത്ത മാധ്യമ രംഗത്ത് സജീവമായ സണ്ണിക്കുട്ടി ഇപ്പോൾ ജയ്ഹിന്ദ് ടി വി യുടെ ചീഫ് എഡിറ്റർ ആണ്
