
കൊച്ചി : കൊച്ചി തീരത്തിന് സമീപം ചരക്ക് കപ്പൽ അപകടത്തിൽപ്പെട്ടതിൻ്റെ കൂടുതൽ വിശദാംശങ്ങൾ, ലൈബീരിയൻ പതാകയുമായെത്തിയ എംഎസ്‌സി എൽസ 3 എന്ന പേരുള്ള ഫീഡർ കപ്പലാണ് അപകടത്തിൽപ്പെട്ടത്. 400ലധികം കണ്ടെയ്നറുകളാണ് കപ്പലിലുണ്ടായിരുന്നത് കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരൽ 21 പേരെയും രക്ഷപ്പെടുത്തി. മൂന്നുപേരെ കൂടി രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. മൂന്നു ജീവനക്കാർ ഇപ്പോഴും കപ്പലിലുണ്ട്.
കൊച്ചി തീരത്തുനിന്ന് 30 നോട്ടികൽ മൈൽ അകലെ അറബിക്കടലിലാണ് കപ്പൽ അപകടത്തിൽപ്പെട്ടത്. കപ്പലിൻ്റെ ഒരു വശം പൂർണമായും ചെരിഞ്ഞുകിടക്കുന്നതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നു. കപ്പൽ നിലവിൽ മുങ്ങിത്താഴ്ന്നില്ലെന്നും സ്ഥിരതയോടെയാണ് നിൽക്കുന്നതെന്നുമാണ് കോസ്റ്റ് ഗാർഡ് അറിയിക്കുന്നത്. ചെരിഞ്ഞു വിവിധ തരത്തിലുള്ള ചരക്കുകളാണ് കണ്ടെയ്നറുകളിലുള്ളത്. ഇതിൽ ചിലത് അപകടകരമായ ഇന്ധനമടക്കം ഉണ്ടെന്നാണ് വിവരം. രക്ഷാപ്രവർത്തനത്തിനായി കോസ്റ്റുകാർഡിൻ്റെ കപ്പലുകളും ഡോണിയർ വിമാനങ്ങളും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ജീവൻ രക്ഷാ ഉപകരണങ്ങൾ കപ്പലിലേക്കിട്ടു നൽകിയാണ് രക്ഷാപ്രവർത്തനം. വിഴിഞ്ഞം തുറമുഖത്ത് നിന്ന് കൊച്ചിയിലേക്ക് പോയ ഫിഡർ കപ്പലാണ് അപകടത്തിൽപ്പെട്ടത്
വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലെത്തി പിന്നീട് തൂത്തുക്കുടിയിലേക്ക് പോകേണ്ടതായിരുന്നു കപ്പൽ. ഇന്ന് രാത്രി 10നാണ് കപ്പൽ കൊച്ചിയിൽ എത്തേണ്ടിയിരുന്നത്. നിലവിൽ കേരളാ തീരത്തിനടുത്ത് കടലിൽ ചരിഞ്ഞുകിടക്കുന്ന നിലയിലാണ് കപ്പൽ, മറൈൻ ഗ്യാസ് ഓയിൽ, വെരി ലോ സൾഫർ ഫ്യൂവൽ എന്നിവയാണ് മറിഞ്ഞ കപ്പലിലെ കണ്ടെയ്‌നറുകളിൽ ഉള്ളതെന്നാണ് വിവരം.
ഒമ്പത് കണ്ടെയ്‌നറുകൾ കടലിൽ വീണെന്നാണ് വിവരം. ഇതിനെത്തുടർന്ന് തീരമേഖലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കൊല്ലം, തിരുവനന്തപുരം തീരത്തും ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നേരത്തെ തൃശൂർ – കൊച്ചി – ആലപ്പുഴ തീരത്താണ് ജാഗ്രതാ നിർദേശം നൽകിയിരുന്നത്. കണ്ടെയ്‌നറുകൾ തീരത്ത് അടിഞ്ഞാൽ തൊടരുതെന്നും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ദുരന്ത നിവാരണ അതോറിറ്റി.
