
കൊച്ചി: സാൻവിച്ചിൽ ചിക്കൻ കുറഞ്ഞെന്ന് ആരോപിച്ച് കൈയാങ്കളി. ചൊവ്വാഴ്ച കൊച്ചിയിലെ ചിക്കിങ് ഔട്ട്ലെറ്റിലാണ് സംഭവം. സംഭവത്തിൽ ചിക്കിങ് മാനേജരുടെ പരാതിയിലും ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർഥികളുടെ പരാതിയിലും പോലീസ് കേസെടുത്തു.
സ്ഥാപനത്തിലെത്തിയ പ്ലസ് വൺ വിദ്യാർഥികളാണ് സാൻവിച്ചിൽ ചിക്കൻ കുറവാണെന്ന ആരോപണമുന്നയിച്ചത്. തുടർന്ന് ഇവർ ജീവനക്കാരോടും മാനേജരോടും പരാതിപ്പെട്ടു. എന്നാൽ, ഇതിനിടെ, മാനേജർ അടുക്കളയിൽ നിന്ന് കത്തിയെടുത്ത് പുറത്തിറങ്ങിയെന്നും കത്തിവീശിയെന്നും തങ്ങളെ ആക്രമിക്കാൻ ശ്രമിച്ചെന്നുമാണ് വിദ്യാർഥികൾ പറയുന്നത്. ഇതോടെ വിദ്യാർഥികൾ സഹോദരങ്ങളെ വിളിച്ചുവരുത്തി. തുടർന്ന് ഇവരും മാനേജരും തമ്മിൽ കൈയാങ്കളിയുണ്ടായി.
സംഭവത്തിൽ ഔട്ട്ലെറ്റിലെ മാനേജർക്കെതിരേ വിദ്യാർഥികൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം, വിദ്യാർഥികൾ തന്നെ മർദിച്ചെന്ന് ആരോപിച്ച് മാനേജരും പരാതി നൽകി. രണ്ട് പരാതിയിലും കേസെടുത്തതായി പോലീസ് അറിയിച്ചു.
