
‘
തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റി ഉപഭോക്താക്കൾ 2026 നവംബർ മുതൽ വെർച്വൽ അക്കൗണ്ട് നമ്പർ(VAN) മുഖേന പണമടയ്ക്കുമ്പോൾ SBIN0004266 എന്ന പുതിയ ഐ എഫ് എസ് സി ഉപയോഗിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു. മുംബൈ എസ് ബി ഐ സിഎംപി സെന്ററിന്റെ ഐ എഫ് എസ് സി കോഡാണ് ഇത്. എസ്ബിഐയുടെ ‘വാൻ’ മുഖേനയുള്ള പണമിടപാടുകൾ നിലവിൽ കേരളത്തിലെ പ്രാദേശിക ബാങ്ക് ശാഖകൾ വഴിയല്ല, കേന്ദ്രീകൃത സംവിധാനത്തിലൂടെയാണ് കൈകാര്യം ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് ഐ എഫ് എസ് സി കോഡിൽ മാറ്റം വരുത്തിയിട്ടുള്ളത്. ഉപഭോക്താക്കളുടെ നിലവിലുള്ള വാൻ നമ്പറിന് മാറ്റമില്ല. പഴയ ഐ എഫ് എസ് സി കോഡ് ഉപയോഗിച്ച് നടത്തുന്ന പണമിടപാടുകൾ വിജയകരമായി പൂർത്തിയാകാതെ വരികയും അടച്ച തുക ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് റീഫണ്ട് ചെയ്യപ്പെടുകയും ചെയ്യാം. പണമിടപാടുകളിൽ തടസ്സം ഒഴിവാക്കുന്നതിനായി പുതിയ ഐ എഫ് എസ് സി കോഡ് നിർബന്ധമായും ഉപയോഗിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.
