
വേവ്സ് ബസാർ – എസ്.പി.എൻ.ഐ സർഗാത്മക ഉള്ളടക്ക സമർപ്പണത്തിനുള്ള പ്രത്യേക സംരംഭം’ ആരംഭിക്കുന്നതിനായി ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനും (എൻ.എഫ്.ഡി.സി) സോണി പിക്ചേഴ്സ് നെറ്റ്വർക്സ് ഇന്ത്യയും (എസ്.പി.എൻ.ഐ) ഇന്ന് ഗോവയിൽ നടന്ന 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള (ഐ.എഫ്.എഫ്.ഐ) വേദിയിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ഈ സംരംഭത്തിലൂടെ ഇന്ത്യയിലുടനീളമുള്ള എഴുത്തുകാർക്കും സ്രഷ്ടാക്കൾക്കും നിർമാണ സ്ഥാപനങ്ങൾക്കും ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, ബംഗാളി ഭാഷകളിൽ കഥകൾ, കഥയേതര യഥാർഥ ആശയങ്ങൾ എന്നിവ എസ്.പി.എൻ.ഐയ്ക്ക് സമർപ്പിക്കാൻ അവസരം ലഭിക്കും.

ഫിക്ഷൻ സീരീസ്, പ്രീമിയം ടിവി പ്ലസ് ഉള്ളടക്കം, റിയാലിറ്റി ഷോകൾ, ഗെയിം, മത്സര പരിപാടിയുടെ ഫോർമാറ്റ്, പ്രതിഭാധിഷ്ഠിത പരിപാടികൾ, മറ്റ് തത്സമയ ആശയങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഫോർമാറ്റുകളിലേക്കാണ് സമർപ്പണങ്ങൾ ക്ഷണിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകരെ അവരുടെ ആശയങ്ങൾ എസ്.പി.എൻ.ഐയ്ക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനായി ക്ഷണിക്കും. തുടർന്ന് അവ പരിഗണിക്കുകയും സാധ്യതയുള്ളവ പരിപാടികളുടെ രൂപത്തിലുള്ള പരിവർത്തനത്തിനായി തിരഞ്ഞെടുക്കുകയും ചെയ്യും.
വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന എൻ.എഫ്.ഡി.സിയുടെ വ്യവസായ പ്ലാറ്റ്ഫോമായ വേവ്സ് ബസാർ, ഇന്ത്യയിലെ മാധ്യമ-വിനോദ മേഖലയിലെ വിവിധ പങ്കാളികളുമായി സർഗാത്മക പ്രതിഭകളെ ബന്ധിപ്പിക്കുന്നു. പ്രത്യേകിച്ച് പ്രാദേശിക വിപണികളിൽ നിന്നുള്ള യഥാർത്ഥ കഥാഖ്യാന അവസരങ്ങൾ വിപുലീകരിക്കുകയും വൈവിധ്യമാർന്ന ശബ്ദങ്ങളും കാഴ്ചപ്പാടുകളും കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്യുകയാണ് ഈ സഹകരണത്തിൻ്റെ ലക്ഷ്യം.

ധാരണാ പത്രം ഒപ്പുവെക്കുന്ന ചടങ്ങിൽ എൻ.എഫ്.ഡി.സി ചെയർമാൻ ജി. കൃഷ്ണകുമാർ ഇങ്ങനെ പറഞ്ഞു: “ഐ.എഫ്.എഫ്.ഐ സിനിമയുടെയും അതിന് പിന്നിൽ പ്രവർത്തിക്കുന്നവരുടെയും ആഘോഷമാണ്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കഥകളെയും സംസ്കാരങ്ങളെയും സർഗാത്മക ശബ്ദങ്ങളെയും ഇത് ഒരുമിച്ചുകൊണ്ടുവരുന്നു. സിനിമകളുടെ വൈവിധ്യമാണ് ഈ പതിപ്പിനെ സവിശേഷമാക്കുന്നത്. ‘അതിർത്തികൾക്ക് അതീതമായ കഥകൾ’ എന്ന പ്രമേയം ചലച്ചിത്രങ്ങളുടെ അന്തസത്തയെ മനോഹരമായി പ്രതിഫലിപ്പിക്കുന്നു.”
എൻ.എഫ്.ഡി.സി മാനേജിംഗ് ഡയറക്ടർ ധീരജ് സിംഗ് പറഞ്ഞതിങ്ങനെ: “സർഗാത്മക പ്രതിഭകളെയും വ്യവസായത്തെയും തമ്മിൽ അർത്ഥവത്തായ ബന്ധങ്ങളിലൂടെ വേവ്സ് ബസാർ തുടർന്നും ശക്തിപ്പെടുത്തുകയാണ്. സോണി പിക്ചേഴ്സ് നെറ്റ്വർക്സ് ഇന്ത്യയുമായുള്ള ഈ സഹകരണം വിവിധ ഭാഷകളിലും ഫോർമാറ്റുകളിലുമുള്ള യഥാർത്ഥ ആശയങ്ങൾ എഴുത്തുകാർക്കും സ്രഷ്ടാക്കൾക്കും നിർമാണ സ്ഥാപനങ്ങൾക്കും അവതരിപ്പിക്കുന്നതിന് പുതിയ അവസരങ്ങൾ തുറന്നുകൊടുക്കുന്നു.”
സോണി പിക്ചേഴ്സ് നെറ്റ്വർക്സ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഗൗരവ് ബാനർജി ഇപ്രകാരം പറഞ്ഞു: “രാജ്യത്തുടനീളം വളരെയധികം സർഗാത്മക പ്രതിഭകളുണ്ട്. എന്നാൽ അവരുടെ ആശയങ്ങൾ എപ്പോഴും നിലവിലുള്ള പ്ലാറ്റ്ഫോമുകളിലേക്ക് എത്തണമെന്നില്ല. വേവ്സ് ബസാർ മുഖേന എൻ.എഫ്.ഡി.സിയുമായുള്ള ആശയങ്ങളും ഉള്ളടക്കങ്ങളും ഞങ്ങളിലേക്ക് എത്തിക്കുന്നതിന് എഴുത്തുകാർക്കും സ്രഷ്ടാക്കൾക്കും കൂടുതൽ അവസരങ്ങൾ നൽകുന്നതിനുള്ള ഒരു ചുവടുവയ്പാണ്. പ്രേക്ഷകർക്കായി പുതുമയാർന്ന കാഴ്ചപ്പാടുകളും ആകർഷകമായ ആശയങ്ങളും കണ്ടെത്തുന്നതിനായി ഞങ്ങൾ കാത്തിരിക്കുകയാണ്.”
വേവ്സ് ബസാർ പോർട്ടൽ (https://wavesbazaar.com) വഴി എൻ.എഫ്.ഡി.സി ഈ സമർപ്പണങ്ങൾ സ്വീകരിച്ച് പരസ്പര ധാരണ പ്രകാരമുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ എൻട്രികൾ ഷോർട്ട്ലിസ്റ്റ് ചെയ്യും. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകരെ അവരുടെ ആശയങ്ങൾ എസ്.പി.എൻ.ഐയ്ക്ക് അവതരിപ്പിക്കുന്നതിനായി ക്ഷണിക്കും.
