
മോസ്‌കോ: റഷ്യന്‍ വ്യോമതാവളങ്ങള്‍ക്ക് നേരെ ആക്രമണം കടുപ്പിച്ച് യുക്രെയ്ന്‍. ഓപ്പറേഷന്‍ സ്‌പൈഡേഴ്‌സ് വെബ്ബിന്‌റെ ഭാഗമായി റഷ്യയുടെ 40 യുദ്ധവിമാനങ്ങള്‍ തകര്‍ത്തതായി യുക്രെയ്ന്‍ അവകാശപ്പെട്ടതായാണ് റിപ്പോർട്ട്. ട്രക്കുകളില്‍ നിന്ന് ഡ്രോണുകള്‍ ഉപയോഗിച്ചാണ് റഷ്യന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ത്തിട്ടതെന്നും റിപ്പോർട്ടുണ്ട്. ഒരേ സമയം റഷ്യയുടെ അഞ്ച് കേന്ദ്രങ്ങളിലാണ് യുക്രെയ്ന്‍ ആക്രമണം നടത്തിയത്. സൈബീരിയയിലെ സൈനികതാവളത്തിന് നേരെയും യുക്രൈയ്ന്‍ ആക്രമണം കടുപ്പിച്ചിട്ടുണ്ട്.
ഒലെന്യ, ബെലായ വ്യോമതാവളത്തിന് സമീപം സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യയ്ക്ക് നേരെ യുക്രെയ്ന്‍ നടത്തിയിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ ഒന്നാണിത്. ആദ്യമായാണ് യുക്രെയ്ന്‍ സൈബീരിയയില്‍ ആക്രമണം നടത്തുന്നത്. ആക്രമണത്തിന്‌റെ വീഡിയോ ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിട്ടുണ്ട്.
യുക്രെയ്ന്‍ ആക്രമണം സ്ഥിരീകരിച്ച് ഇര്‍കുട്‌സ്‌ക് ഗവര്‍ണര്‍ ഇഗോര്‍ കോബ്‌സെവ് രംഗത്തെത്തിയിട്ടുണ്ട്.ആക്രമണവുമായി ബന്ധപ്പെട്ട് റഷ്യന്‍ പ്രസിഡന്‌റ് വ്‌ളാഡിമിര്‍ പുടിന്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. നാളെ ഇസ്താംബുളില്‍ രണ്ടാംഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് റഷ്യക്ക് എതിരെ യുക്രെയ്ന്‍ ആക്രമണം കടുപ്പിച്ചിരിക്കുന്നത്. ആക്രമണം നേരിടാന്‍ റഷ്യന്‍ സൈന്യം സജ്ജമായതായാണ് റിപ്പോര്‍ട്ടുകള്‍.