
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ, സിപിഐ സംസ്ഥാന അസി.സെക്രട്ടറി പി.പി.സുനീർ എന്നിവർ സ്വരാജിനൊപ്പമുണ്ടായിരുന്നു. എൽഡിഎഫ് പ്രവർത്തകർക്കൊപ്പം പ്രകടനമായി എത്തിയാണ് എം സ്വരാജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായ വാഹന പര്യടനം തുടരുകയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എം സ്വരാജ് എത്തിയത്. ഇന്നത്തെ വാഹന പര്യടനം രാവിലെ 8ന് നിലമ്പൂർ കോവിലകത്തുമുറിയിൽ നിന്ന് ആരംഭിച്ചിരുന്നു. വാഹനപര്യടനം ഉച്ചക്ക് 3ന് തോണിപൊയിലിൽ നിന്ന് പുനരാരംഭിക്കുന്ന പര്യടനം രാത്രി എട്ടിന് നെടുമുണ്ടക്കുന്ന് അവസാനിക്കും. വരും ദിവസങ്ങളിൽ ഓരോ പഞ്ചായത്തിലും നഗരസഭയിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രത്യേക കൺവെൻഷനുകളും എൽഡിഎഫ് സംഘടിപ്പിക്കുന്നുണ്ട്.
പി വി അൻവറും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഒരു കർഷകനും ഓട്ടോറിക്ഷാ തൊഴിലാളിയും റബ്ബർ ടാപ്പിങ്ങ് തൊഴിലാളിയുമായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ അൻവറിനൊപ്പം ഉണ്ടായിരുന്നത്. സാധാരണക്കാരുടെ സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത് എന്ന് പ്രഖ്യാപിച്ചാണ് അൻവർ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയത്. പ്രകടനമായി നിലമ്പൂർ താലൂക്ക് ഓഫീസിലെത്തിയാണ് അൻവർ പത്രിക സമർപ്പിച്ചത്.
ഇതിനിടെ ചെറുകിട പാർട്ടികളുടെ മുന്നണി രൂപീകരിച്ചതായി അൻവർ അവകാശപ്പെട്ടു.’ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി’ യുടെ ലേബലിലായിരിക്കും പി വി അന്‍വര്‍ മത്സരിക്കുക .