.

ഇസ്ലാമാബാദ്: ഇന്ത്യ പാകിസ്താൻ സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടതിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് പാകിസ്താൻ നാമനിർദ്ദേശം ചെയ്തതായി റിപ്പോർട്ട് . 2026ലെ നൊബേൽ പ്രൈസിനായാണ് ട്രംപിനെ നാമനിർദേശം ചെയ്തിരിക്കുന്നതെന്നാണ് പാക് മാധ്യമമായ ‘ഡോൺ’ റിപ്പോർട്ട് ചെയ്യുന്നു. ‘മികച്ച നേതൃപാടവവും നയതന്ത്ര ഇടപെടലും’ മൂലം രണ്ട് ആണവ രാജ്യങ്ങൾ തമ്മിലുളള സംഘർഷങ്ങൾ ഇല്ലാതെയാക്കാൻ ട്രംപിന് കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് നാമനിർദേശം.
ഇന്ത്യ ഔദ്യോഗികമായി തള്ളിയ ട്രംപിന്റെ ഇടപെടലിനെ ഇരു രാജ്യങ്ങളും തമ്മിൽ വെടിനിർത്തലിന് കാരണമായ കൃത്യമായ ഇടപെടലെന്നാണ് പാകിസ്താൻ വിശേഷിപ്പിച്ചത്. മേഖലയെയാകെ ബാധിക്കുന്ന ഒരു യുദ്ധമായി സംഘർഷം മാറാതിരിക്കാൻ ട്രംപിന്റെ ഇടപെടൽ നിർണായകമായി എന്നും പാകിസ്താൻ അവകാശപ്പെടുന്നു. നയതന്ത്രപരമായ കാഴ്ചപ്പാടോടെയും മികച്ച നേതൃപാടവത്തോടെയും നിർണായക സമയത്ത് ട്രംപ് ഇടപെട്ടുവെന്നും പാകിസ്താൻ പറയുന്നു.
നാമനിർദേശം ചെയ്തുള്ള വാർത്താകുറിപ്പിൽ ഇന്ത്യയെയും പാകിസ്താൻ രൂക്ഷമായി വിമർശിക്കുന്നുണ്ട്. ഇന്ത്യ നടത്തിയത് പ്രകോപനമാണ്. പാകിസ്താന്റെ പരമാധികാരത്തിനെതിരെയും സാധാരണക്കാർക്ക് നേരെയുമാണ് ആക്രമണം ഉണ്ടായത്. തങ്ങൾ ഓപ്പറേഷൻ ബുന്യൻ ഉൻ മറൂസിലൂടെ തിരിച്ചടിച്ചു എന്നും പാകിസ്താൻ പറയുന്നു.