
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി സീനിയർ ഐപിഎസ് ഉദ്യോഗസ്ഥനായ രവാഡ ചന്ദ്രശേഖറിനെ നിയമിച്ചു. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 1991 കേരള കേഡർ ഐ പി എസ് ഉദ്യോഗസ്ഥനാണ് രവാഡ ചന്ദ്രശേഖർ. കൂത്തുപറമ്പ് വെടിവെപ്പ് കേസിൽ ഉൾപ്പെട്ടുവെങ്കിലും കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു. നിലവിൽ കേന്ദ്ര കാബിനറ്റിലെ സുരക്ഷാ വിഭാഗം സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു
കേരള കേഡറിൽ എഎസ്പിയായി തലശ്ശേരിയിൽ സർവീസ് ആരംഭിച്ച ശേഷം പത്തനംതിട്ട, മലപ്പുറം, എറണാകുളം റൂറൽ, റെയിൽവേ, വിജിലൻസ് എറണാകുളം റെയ്ഞ്ച്, ക്രൈംബ്രാഞ്ച് തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ എസ് പിയായും പൊലീസ് ആസ്ഥാനത്ത് എഐജി 1 ആയും കെഎപി രണ്ടാം ബറ്റാലിയൻ, കെഎപി മൂന്നാം ബറ്റാലിയൻ എന്നിവിടങ്ങളിൽ കമാണ്ടന്റ് ആയും പ്രവർത്തിച്ചു. ഐക്യരാഷ്ട്ര സഭയുടെ മിഷന്റെ ഭാഗമായി ബോസ്നിയയിലും സേവനം അനുഷ്ഠിച്ചു. എസ് പി റാങ്കിൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായും ജോലി നോക്കി.
ഐക്യരാഷ്ട്ര സഭയുടെ മിഷന്റെ ഭാഗമായി സുഡാനിലേക്ക് പോയിരുന്നു. തൃശൂർ റെയ്‌ഞ്ച്, എറണാകുളം റെയ്ഞ്ച് എന്നിവിടങ്ങളിൽ ഡിഐജി ആയി പ്രവർത്തിച്ചിട്ടുണ്ട്. ഡിഐജി റാങ്കിൽ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായും ജോലി നോക്കി. ക്രൈം റിക്കോർഡ്സ് ബ്യൂറോയിൽ പ്രവർത്തിക്കെ കേന്ദ്ര ഡെപ്യൂട്ടേഷനിൽ ഡെപ്യൂട്ടി ഡയറക്ടറായി ഇന്റലിജൻസ് ബ്യൂറോയിലേയ്ക്ക് മാറി. ഇന്റലിജൻസ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടറായി ഐ ബി ആസ്ഥാനം, ഭുവനേശ്വർ, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളിൽ ജോലി നോക്കി. കേന്ദ്ര ഡെപ്യൂട്ടേഷനിൽ ജോലി നോക്കവേ എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചു. ഐ ബി അഡീഷണൽ ഡയറക്ടറായി വിജയവാഡ, മുംബൈ എന്നിവിടങ്ങളിൽ പ്രവർത്തിച്ചു.