
‘
മന്ത്രി പറഞ്ഞത് ശരിവച്ച് കൈ രണ്ടായി വേര്‍പെട്ടു പോയ യുവതി
സാധാരണക്കാരന്റെ ആതുരാലയമാണ് സര്‍ക്കാര്‍ ആശുപത്രികള്‍ എന്ന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ പത്രസമ്മേളനത്തെ ശരിവച്ച് കൈകള്‍ രണ്ടായി വേര്‍പെട്ടു പോയ പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശിനി വിദ്യ. ‘ഞാന്‍ ആണ് ആ കലഞ്ഞൂര്‍കാരി പെണ്‍കുട്ടി thank you madam ഇനിയും നിങ്ങള്‍ ഉണ്ടാകണം കേരളത്തിന് വേണം നിങ്ങളെ പോലെ ഉള്ള ഭരണം കാഴ്ച വെക്കുന്നവരെ thank you so much mam’ എന്നാണ് വിദ്യ കുറിച്ചത്. വിദ്യയെ പിന്തുണച്ച് വിദ്യയുടെ കൂടെ ജോലിചെയ്യുന്ന നൗഷാദ് അലിയും പ്രതികരിച്ചു. ‘ഞാനും മന്ത്രി പറഞ്ഞ കുട്ടിയും ഒന്നിച്ചാണ് വനിത വികസന കോര്‍പ്പറേഷനില്‍ ജോലിക്ക് നില്‍ക്കുന്നത് ഇങ്ങനെയുള്ള മന്ത്രിമാരെയാണ് സമൂഹത്തിന് വേണ്ടത്’ എന്ന് നൗഷാദ് അലിയും കുറിച്ചു.
ഞായറാഴ്ച പത്തനംതിട്ടയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് സര്‍ക്കാര്‍ ആശുപത്രികള്‍ക്കെതിരേയുള്ള പ്രചരണത്തില്‍ മന്ത്രി പ്രതികരിച്ചത്. ‘നിങ്ങളാരെങ്കിലും സ്വകാര്യ ആശുപത്രികളെപ്പറ്റി വാര്‍ത്ത നല്‍കുമോ? സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം ഇങ്ങനെയാണെന്ന് വരുത്തിത്തീര്‍ക്കരുത്, ദയവായി. സാധാരണക്കാരന്റെ ആതുരാലയമാണ് സര്‍ക്കാര്‍ ആശുപത്രികള്‍. ജനങ്ങള്‍ക്ക് വിശ്വാസമുള്ളത് കൊണ്ടാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിച്ചേരുന്നത്. നമ്മുടെ പത്തനംതിട്ട ജില്ലയില്‍ കലഞ്ഞൂരില്‍ ഒരു പെണ്‍കുട്ടിയുണ്ട്. ഭര്‍ത്താവിന്റെ ആക്രമണത്തില്‍ കൈകള്‍ രണ്ടായി വേര്‍പെട്ടു. തോര്‍ത്ത് വെച്ച് കൈകള്‍ ചേര്‍ത്ത് കെട്ടി തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ആംബുലന്‍സില്‍ എത്തിച്ചപ്പോള്‍ അവര്‍ ചികിത്സയ്ക്ക് ആവശ്യപ്പെട്ടത് 10 ലക്ഷം രൂപ. അവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തി. അവര്‍ ഫോണില്‍ വിളിച്ചു. ഇടപെട്ടു. പല സര്‍ജറികളും പ്ലാസ്റ്റിക് സര്‍ജറിയും നടത്തി. ഇന്ന് മിടുക്കിയായി ഈ സമൂഹത്തിലുണ്ട്. സ്വന്തം മകനെ ചേര്‍ത്ത് പിടിച്ചുകൊണ്ട്… സാധാരണക്കാരുടെ ആതുരാലയമാണ്. അടച്ചാക്ഷേപിക്കരുത്.’
ചികിത്സയിലായിരുന്നപ്പോള്‍ മന്ത്രി വീണാ ജോര്‍ജ് ആശുപത്രി ഐസിയുവിലെത്തി വിദ്യയെ കണ്ടിരുന്നു. ആശുപത്രി ചികിത്സ കഴിഞ്ഞ് ഇനി എന്ത് ചെയ്യണമെന്നറിയാതെ വിദ്യ പകച്ചപ്പോള്‍ മന്ത്രി തന്നെ ഇടപെട്ട് വനിത വികസന കോര്‍പറേഷനില്‍ താത്കാലിക ജോലി നല്‍കി. അടുത്തിടെ പത്തനംതിട്ടയില്‍ നടന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വച്ചും മന്ത്രി വിദ്യയെ വീണ്ടും കണ്ടിരുന്നു.