
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഉപകരണ ക്ഷാമത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ നടത്തിയതിൽ തനിക്ക് ഭയമില്ലെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ. ഈ ജോലി പോയാൽ വേറൊരു ജോലി തനിക്ക് കിട്ടും. പക്ഷെ താൻ സർക്കാർ ജോലി തന്നെ തിരഞ്ഞെടുത്തത് ജനങ്ങൾക്ക് സേവനം ചെയ്യാമെന്നുള്ള ആഗ്രഹം കൊണ്ടാണ്. എന്ത് ശിക്ഷയും ഏറ്റെടുക്കാൻ തയ്യാറായി നിൽക്കുകയാണെന്നും എല്ലാ ചുമതലകളും അടുത്തയാൾക്ക് കൈമാറിക്കഴിഞ്ഞെന്നും ഡോ. ഹാരിസ് ചിറക്കൽ വ്യക്തമാക്കി.
വിദഗ്ധ സമിതിക്ക് മുൻപാകെ തൻ്റെ ആരോപണങ്ങളിൽ എല്ലാ തെളിവുകളും നൽകിയെന്നും ഡോ. ഹാരിസ് പറഞ്ഞു. സഹപ്രവർത്തകരുടെ മൊഴി തനിക്ക് അനുകൂലമാണ്. പ്രശ്നപരിഹാരത്തിനുള്ള നിർദ്ദേശങ്ങൾ സമിതി ആരാഞ്ഞപ്പോൾ തുറന്നുപറയുകയും അത്യാവശ്യമായി പരിഹരിക്കേണ്ട കാര്യങ്ങൾ എഴുതി നൽകുകയും ചെയ്തുവെന്നും ഡോ. ഹാരിസ് കൂട്ടിച്ചേർത്തു.