
ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി ജീവനൊടുക്കിയ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം. ചൊവ്വാഴ്ച രാത്രിയായിരുന്നു കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക (33), മകള്‍ വൈഭവി (ഒന്നര) എന്നിവരെ അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് യുഎഇ എംബസി, മുഖ്യമന്ത്രി, സിറ്റി പൊലീസ് കമ്മിഷണര്‍ എന്നിവര്‍ക്ക് കുടുംബം പരാതി നല്‍കിയിട്ടുണ്ട്. ദുബായിലെ സ്വകാര്യ സ്ഥാപനത്തില്‍ ഫയലിങ് ക്ലര്‍ക്കാണ് വിപഞ്ചിക.
ദുബായില്‍ തന്നെ ജോലി ചെയ്യുകയാണ് ഭര്‍ത്താവ് കോട്ടയം നാല്‍ക്കവല സ്വദേശി നിധിഷ്. ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നാണ് വിവരം. വിപഞ്ചികയുടെ ഭർത്താവ് നിധീഷും കുടുംബവുമാണ് മരണത്തിന് ഉത്തരവാദികളെന്ന് വിപഞ്ചികയുടെ മാതാവ് ശൈലജ പ്രതികരിച്ചു. പണത്തിനും സ്വർണത്തിനും വേണ്ടി ഭർതൃ കുടുംബം നിരന്തരം സമ്മർദ്ദം ചിലത്തി. ഭര്‍ത്താവിനും നിതീഷിനും കുടുംബത്തിനും എതിരെ എല്ലാ നടപടികളും ഉണ്ടാകണം. പെറ്റ തള്ളയായ താനും ഫേസ്ബുക്ക് വഴിയാണ് മകൾ അനുഭവിച്ച ദുഖങ്ങൾ കണ്ടത്.
അമ്മ വേദനിക്കുമെന്ന് വിചാരിച്ച് ഒരു വാക്ക് പോലും എന്നെ വിളിച്ച് പറഞ്ഞില്ല. നിതീഷിന്റെ പെങ്ങളോട് വിപഞ്ചിക യാചിച്ചെന്നാണ് പറയുന്നത്. എല്ലാം ഒളിച്ച് ഇത്രയും സഹിക്കുമെന്ന് അറിയില്ലായിരുന്നു. നിതീഷിനെയും കുടുംബത്തിനും നാട്ടിൽ കൊണ്ട് വന്ന് ശിക്ഷിക്കണം. ആ പൊടിക്കുഞ്ഞ് കരഞ്ഞാൽ കൈയിൽ കൊണ്ട് കൊടുത്താൽ അവിടെയെങ്ങാനും കൊണ്ട് ഇടാനാണ് പറഞ്ഞിരുന്നത്. അങ്ങനെയാണോ ഒരു അച്ഛൻ പറയേണ്ടതെന്നും ശൈലജ ചോദിച്ചു.