
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടിക്കുള്ള പുരസ്കാരം ‘മിസിസ് ചാറ്റർജി vs നോർവേ’ എന്ന ചിത്രത്തിലെ അഭിനയത്തിന് റാണി മുഖർജിയും മികച്ച നടനുള്ള പുരസ്കാരം ആറ്റ്ലി സംവിധാനം ചെയ്ത ജവാൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷാരൂഖ് ഖാനും 12ത്ത് ഫെയിലിലെ അഭിനയത്തിന് വിക്രാന്ത് മാസിയും നേടി. 33 വര്‍ഷത്തെ സിനിമ ജീവിതത്തില്‍ ആദ്യമായാണ് ഷാരൂഖ് ഖാന്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കുന്നത്. മികച്ച സിനിമയ്ക്കുള്ള പുരസ്കാരം 12ത്ത് ഫെയില്‍ സ്വന്തമാക്കി. റോക്കി ഓർ റാണി കി പ്രേം കഹാനിയാണ് ജനപ്രിയ ചിത്രം. വിവാദ ചിത്രം ദ കേരള സ്റ്റോറിയിലൂടെ സുധിപ്‌തോ സെന്നിന് മികച്ച സംവിധായകനുള്ള പുരസ്കാരവും പ്രശാന്തനു മോഹപാത്ര മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരവും നേടി. ജി വി പ്രകാശ് കുമാര്‍ ആണ് മികച്ച സംഗീത സംവിധായകന്‍. അനിമല്‍ എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയ ഹര്‍ഷ് വര്‍ധന്‍ രാമേശ്വറും അവാര്‍ഡിന് അര്‍ഹനായി.
2023 ല്‍ സെന്‍സര്‍ ചെയ്യപ്പെട്ട ഇന്ത്യന്‍ സിനിമകളിലെ മികവിനുള്ള 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില്‍ തിളങ്ങി മലയാളത്തില്‍ നിന്ന് ഉര്‍വശിയും വിജയരാഘവനും അടക്കമുള്ളവര്‍. ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരമാണ് ഉര്‍വശിയെ തേടിയെത്തിയത്. പൂക്കാലം എന്ന ചിത്രത്തിലെ പ്രകടനം വിജയരാഘവനെ മികച്ച സഹനടനുമാക്കി. എന്നാല്‍ ഇതേ പുരസ്കാരം മറ്റ് രണ്ട് പേര്‍ക്കു കൂടിയുണ്ട്. മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനൊപ്പം മുത്തുപേട്ടൈ സോമു ഭാസ്കറും (തമിഴ് ചിത്രം പാര്‍ക്കിംഗ്) പങ്കുവച്ചപ്പോള്‍ മികച്ച സഹനടിക്കുള്ള പുരസ്കാരം ഉര്‍വശി പങ്കുവച്ചത് ജാന്‍കി ബോഡിവാലയുമായാണ് (ഗുജറാത്തി ചിത്രം വഷ്).