
കൊച്ചി: കേരളത്തിൽ ലോകോത്തര നിലവാരത്തിൽ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ നിലവിലുള്ള കളിസ്ഥലത്താണ് കേരള ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം വരുന്നത്. ഇതിനുള്ള നടപടകൾക്ക് തുടക്കമായി. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിന് സമീപമാണെന്നുള്ളതും ആവശ്യത്തിന് ഭൂമി ലഭ്യമാണെന്നതുമാണ് പ്രത്യേകത.
ഓഗസ്റ്റ് 4 ന് സിൻഡിക്കേറ്റ് ഹാളിൽ നടന്ന ഉന്നതതല യോഗത്തിലാണ് ഈ പദ്ധതി ചർച്ച ചെയ്തത്. കായികമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ക്രിക്കറ്റിലെ മികവ് പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു പ്രധാന ചുവടുവയ്പ്പാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. ധാരണാത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇനി പൂർത്തിയാകാനുണ്ട്.
ഉന്നതതലയോഗത്തില്‍ വൈസ് ചാൻസലർ ഡോ. കെ കെ ഗീതാകുമാരി, സിൻഡിക്കേറ്റ് അംഗം അഡ്വ. കെ എസ് അരുൺകുമാർ, രജിസ്ട്രാർ ഡോ. മോതി ജോര്‍ജ്, ഫിനാൻസ് ഓഫീസർ സിൽവി കോടക്കാട്ട്, ഫിസിക്കൽ എജ്യുക്കേഷൻ മേധാവി ഡോ. എം ആർ ധിനു, ജോയിന്റ് രജിസ്ട്രാർ സുകേഷ് കെ ദിവാകർ, കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോര്‍ജ്, കെസിഎ സെക്രട്ടറി എസ് വിനോദ് കുമാർ, എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ആർ കാർത്തിക് വർമ, യൂണിവേഴ്സിറ്റി എഞ്ചിനീയർ (ഇൻ-ചാർജ്) ബെറ്റി വർഗീസ്, അസി. എഞ്ചിനീയർ (സിവിൽ) പി കെ ഷിജു എന്നിവർ പങ്കെടുത്തു