
കോഴിക്കോട്: കോർപ്പറേഷന് എതിരായ യൂത്ത് കോൺഗ്രസ് സമര പരിപാടിയിൽ നിന്നും ചാണ്ടി ഉമ്മൻ എംഎൽഎ വിട്ടുനിന്നു. ഉദ്ഘാടകനായി നിശ്ചയിച്ച ചാണ്ടി ഉമ്മൻ പരിപാടിക്ക് എത്താതിരുന്നത് എ-ഗ്രൂപ്പിലെ ഭിന്നതകൾ കാരണമാണെന്ന് അറിയുന്നു. ഇതിനിടെ,ചാണ്ടി ഉമ്മൻ പരിപാടിയിൽ പങ്കെടുക്കാതിരുന്നത് ശരിയായില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺകുമാർ പ്രതികരിച്ചു. ചാണ്ടി ഉമ്മനെ പരിപാടിയിൽ പങ്കെടുപ്പിക്കാതിരിക്കാൻ ചില കോൺഗ്രസ് നേതാക്കൾ ശ്രമിച്ചതായും ആരോപണമുണ്ട്. എന്നാൽ എത്താമെന്ന് താൻ ഏറ്റിരുന്നില്ലെന്നാണ് ചാണ്ടി ഉമ്മന്‍റെ മറുപടി.
എല്ലാക്കാര്യങ്ങളിലും വിവാദമുണ്ടാക്കുന്നത് ബുദ്ധിമുട്ടാണ്. ഒന്നാമതായി, താന്‍ ഏറ്റ പരിപാടിയല്ല. രമ്യ ഹരിദാസ് ആണ് പരിപാടിയില്‍ പങ്കെടുക്കാമെന്ന് ഏറ്റത്. രമ്യ ഹരിദാസിന്റെ ഫോട്ടോ ചേര്‍ത്തിട്ടുള്ള പരിപാടിയാണ്. ദുബായില്‍ നിന്നും കോഴിക്കോട് എത്തിയത് പുലര്‍ച്ചെയാണ്. സ്വാഭാവികമായും തനിക്കും ക്ഷീണമില്ലേ? ചാണ്ടി ചോദിച്ചു.
പരിപാടിയിൽ പങ്കെടുക്കാൻ ചാണ്ടി ഉമ്മനോട് ആവശ്യപ്പെട്ടത് ഡിസിസി നേതൃത്വമാണ്. ചാണ്ടി ഉമ്മൻ പരിപാടിയിൽ നിന്നും വിട്ടു നിന്നതിനെതിരെ പരാതി അറിയിക്കാൻ യൂത്ത് കോൺഗ്രസ് സൗത്ത് നിയോജക മണ്ഡലം കമ്മറ്റി നേതാക്കൾ കോഴിക്കോട് ഡിസിസി ഓഫീസിൽ എത്തി. എം കെ രാഘവനെ അനുകൂലിക്കുന്ന എ ഗ്രൂപ്പ് നേതാക്കളാണ് ഡിസിസി ഓഫീസിൽ എത്തിയത്. ടി സിദ്ദിഖ് അനുകൂലികളാണ് ചാണ്ടി ഉമ്മനെ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചതെന്നാണ് ആരോപണം.
ചാണ്ടി ഉമ്മൻ പങ്കെടുക്കാത്തതിനെതിരെ കെപിസിസിക്കും എഐസിസിക്കും പരാതി നൽകുമെന്ന് കോഴിക്കോട് സൗത്ത് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് റമീസ് പറഞ്ഞു.

