
തൊടുപുഴ: പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. തിരുവനന്തപുരത്ത് യോഗത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ റവന്യൂ മന്ത്രിയുടെ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മന്ത്രി കെ. രാജൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പരിപാടിയിൽ വാഴൂർ സോമൻ എംഎൽഎയും ഉണ്ടായിരുന്നു. പരിപാടിക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
ശാസ്തമംഗലത്തെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. മുഖ്യമന്ത്രി പിണറായി വിജയനും റവന്യു മന്ത്രി കെ രാജനും ഉള്‍പ്പടെ നിരവധി പ്രമുഖർ ആശുപത്രിയിലെത്തിയിരുന്നു.ഏഴു മണിയോടെ എംഎന്‍ സ്മാരക മന്ദിരത്തില്‍ എത്തിക്കും. അതിനുശേഷമായിരിക്കും ജന്മനാടായ വാഴൂരിലേക്ക് കൊണ്ടുപോകുക.
ഐഎന്‍ടിയുസിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായ വാഴൂര്‍ സോമന്‍ താഴെത്തട്ടിലുള്ള തൊഴിലാളികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ നേതാവായിരുന്നു. സിപിഐയുടെ സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു. മരണവിവരം അറിഞ്ഞ് മന്ത്രിമാര്‍ ഉള്‍പ്പടെ ആശുപത്രിയിലെത്തിയിട്ടുണ്ട്.വെയർ ഹൌസിങ് കോർപ്പറേഷൻ ചെയർമാൻ, എഐടിയുസി സംസ്ഥാന വൈസ് പ്രവസിഡൻ്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ബിന്ദു. മക്കൾ: അഡ്വ. സോബിൻ, അഡ്വ. സോബിത്ത്.