
ഓണവിപണിയുടെ ആഘോഷ ചൂട് കൂട്ടിക്കൊണ്ട് കുടുംബശ്രീയുടെ ജില്ലാതല ഓണ വിപണന മേള കളമശ്ശേരി ചക്കോളാസ് ഗ്രൗണ്ടിൽ ആരംഭിച്ചു. ഓണാഘോഷത്തിനാവശ്യമായ എല്ലാ സാധനങ്ങളും ഒരേ കുടക്കീഴിൽ ലഭ്യമാക്കുന്ന വിധത്തിൽ എറണാകുളം കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ മേളയ്ക്ക് വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രി പി. രാജീവ് തുടക്കം കുറിച്ചു.
ജില്ലാതല ഓണ വിപണന മേള ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 1 വരെ നടത്തപ്പെടും. ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ കുടുംബശ്രീ അംഗങ്ങൾ ഉൽപ്പാദിപ്പിച്ച വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണ് മേളയുടെ ആകർഷണം. നാട്ടിൻപുറത്തിന്റെ രുചിയും തനിമയും ഒത്തുചേർന്ന ഉൽപ്പന്നങ്ങൾ ഒരേ വേദിയിൽ ലഭ്യമാക്കുന്നതിലൂടെ ഓണാഘോഷത്തിന് നിറവും പുതുമയും നൽകാനാണ് വിപണനമേള ലക്ഷ്യമിടുന്നത്.
കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ റ്റി എം റെജീന, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ- ഓർഡിനേറ്റർമാരായ കെ സി അനുമോൾ, അമ്പിളി തങ്കപ്പൻ, മാർക്കറ്റിങ് ജില്ലാ പ്രോഗ്രാം മാനേജർ സെയ്തു മുഹമ്മദ്, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.