Flash Story
വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധി ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം
രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ടത് നടിയുടെ കാറില്‍ തന്നെ: യുവനടിയെ ഉടന്‍ ചോദ്യംചെയ്യും
രാഷ്ട്രപതിയുടെ സന്ദർശനം: നഗരത്തിൽ ഗതാഗത നിയന്ത്രണം
നാശം വിതച്ച് ദിത്വ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 334 മരണം, തമിഴ്നാട്ടിലും ആന്ധ്രയിലും ശക്തമായ മഴ തുടരുന്നു
Naval Day Operation DemoOn 03rd December 2025At Shanghumukham Beach
രാഹുല്‍ ഈശ്വറും സന്ദീപ് വാര്യരുമടക്കമുള്ള അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു;
സഞ്ജു-രോഹന്‍ സഖ്യം നിറഞ്ഞാടി; ഛത്തീസ്ഗഢിനെതിരെ കേരളത്തിന് എട്ട് വിക്കറ്റ് ജയം
കേരളമടക്കമുള്ള 12 സംസ്ഥാനങ്ങള്‍ക്ക് എസ്ഐആര്‍ സമയപരിധി നീട്ടി, ഫോം വിതരണം ഡിസംബര്‍ 11വരെ, കരട് പട്ടിക 16ന്
ദിത്വാ ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ മൂന്ന് മരണം

പോത്തന്‍കോട് (തിരുവനന്തപുരം) : നവോത്ഥാനത്തിന്റെ തൊട്ടുപിന്നാലെ വന്ന ഘട്ടമാണ് ശ്രീകരുണാകരഗുരുവിന്റെ പ്രവര്‍ത്തനകാലം. വിവിധ മത വിഭാഗങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ധം വളര്‍ത്താനും എല്ലാ മതങ്ങളെയും ഒരു പോലെ ബഹുമാനിപ്പിക്കാനും ഗുരു പഠിപ്പിച്ചു. സമൂഹത്തിൽ പ്രയാസമനുഭവിക്കുന്നവർക്ക് ആശ്വാസം നൽകിയും വിശക്കുന്നവന് ആഹാരം കൊടുത്തും വൈദ്യശുശ്രൂഷയയ്ക്ക് പ്രാധാന്യം നല്‍കിയും ആത്മീയതയില്‍ വേറിട്ട ഒരു പാത സൃഷ്ടിക്കാൻ ഗുരുവിന് കഴിഞ്ഞു. കേരളത്തിൻ്റെ സാംസ്കാരിക മതേതരത്വത്തിന് ശക്തി പകരാൻ ഗുരുവിൻ്റെ പ്രവർത്തനങ്ങൾ കാരണമായെന്നും മനുഷ്യൻ്റെ അന്തസ്സിനെയും സ്വാതന്ത്ര്യത്തെയും വിലമതിക്കുന്ന മാനവികതയുടെ ദര്‍ശനങ്ങളാണ് ശ്രീകരുണാകരഗുരു ലോകത്തിന് പകര്‍ന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നവജ്യോതിശ്രീകരുണാകരഗുരുവിന്റെ ജന്മദിനാഘോഷമായ ‘നവപൂജിതം‘ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി .

മതത്തിനപ്പുറം മനുഷ്യ ജീവിതത്തില്‍ സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും പുലരണമെന്ന് ഗുരു ആഗ്രഹിച്ചു. ‘എല്ലാവര്‍ക്കും എല്ലാം കിട്ടണം ‘ എന്ന ഗുരുവിൻ്റെ ആശയം എത്ര മഹത്തരമാണ്. നവോത്ഥാനനായകന്മാരായ മഹാരഥന്മാർ മുന്നോട്ടൂവെച്ച ആശയങ്ങൾ ഉൾക്കൊളളുന്നതിനു പകരം അവയെ വക്രീകരിക്കാനാണ് ചിലർക്ക് താൽപ്പര്യം. അവരുടെ സങ്കുചിത പ്രവർത്തനം മൂലം സമൂഹം ഇന്ന് പല തരത്തിലുളള വെല്ലുവിളികൾ നേരിടുന്നു. വർഗ്ഗീയതയുടെ , വിഭാഗീയതയുടെ വിഷം സമൂഹത്തിൽ കലർത്തി മതത്തിൻ്റെയും ജാതിയുടെയും പേരിൽ മനുഷ്യനെ ഭിന്നിപ്പിച്ച രാഷ്ട്രീയ മുതലെടുപ്പിന് ചിലർ ശ്രമിക്കുന്നു. അതിന് നിരവധി ഉദാഹരണങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. ഏതു മതത്തിലും വിശ്വസിക്കാനും ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനുമുളള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന ഉറപ്പു തരുന്നുണ്ട്. ആ ഭരണഘടനെ സംരക്ഷിക്കാൻ ചുമതലയുളളവരുടെ നേതൃത്വത്തിലാണ് ഇത്തരം മനുഷ്യത്വഹീനമായ നടപടികൾ ഉണ്ടാകുന്നത് എന്ന് നാം ഓർക്കണം. ഇത്തരം പ്രതിലോമകരമായ ഒരു സംഭവവും നമ്മുടെ നാട്ടിൽ ഉണ്ടാകുന്നില്ല എന്നതിലാണ് കേരളം വേറിട്ടു നിൽക്കുന്നത്. ഇവിടെ ക്ഷേത്രോത്സവവും, പള്ളിപ്പെരുന്നാളും, ഉറൂസുമൊന്നും വേറിട്ട ദ്വീപുകളല്ല, മറിച്ച് ഒരേ തുണിയിലെ നൂലുകളാണവ . പളളിമുറ്റത്ത് പൊങ്കാല ഇടുന്നതും ക്ഷേത്ര മുറ്റത്ത് നോമ്പുതുറ നടക്കുന്നതും കേരളത്തിൽ മാത്രമാണ്. കേരളത്തിൻ്റെ മതനിരപേക്ഷ സാമൂഹിക പരിസരത്തിൻ്റെ അടയാളമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിശിഷ്ടാതിഥിയായി. ഒരിക്കലും ഒരു വിശ്വാസിയും വർഗ്ഗീയവാദിയല്ല, ഏതു മതത്തിൽപ്പെട്ടവരായാലും. വർഗ്ഗീയവാദിയ്ക്ക് യഥാർത്ഥത്തിൽ വിശ്വാസമില്ല. അവർ വിശ്വാസത്തെ ഒരു ഉപകരണമായി ഉപയോഗിക്കുന്നു. വിശ്വാസിയെ സംബന്ധിച്ചിടത്തോളം തങ്ങളൂടെ വിശ്വാസപ്രമാണങ്ങളെ സ്പർദ്ധയുടെയോ, വൈകാരിക വേർതിരിവുകളൂടേയോ പശ്ചാത്തലത്തിൽ കൈകാര്യം ചെയ്യുന്നവരല്ല. എല്ലാ മതങ്ങളുടെയും സത്ത മനുഷ്യത്വമാണെന്ന ദാർശിനികതയാണ് ശ്രീകരുണാകരഗുരുവിൻ്റേതെന്നും ഐശ്വര്യപൂർണ്ണമായ കേരളത്തിൻ്റെ പ്രതിഫലനമാണ് ശാന്തിഗിരിയുടെ സദസ്സെന്നും അദ്ദേഹം പറഞ്ഞു.

കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. മനുഷ്യമനസ്സുകളെ തമ്മിലകറ്റുന്ന മതിലുകള്‍ക്ക് പകരം മനുഷ്യനെ തമ്മില്‍ ചേര്‍ത്തു നിര്‍ത്തുന്ന കണ്ണികളാണ് നമുക്ക് ആവശ്യമെന്ന് ഗുരു നമ്മെ പഠിപ്പിക്കുന്നുവെന്നും ശാന്തിഗിരിയുടെ സന്ദേശം അതാണെന്നും അദ്ദേഹം പറഞ്ഞു.

ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൌലവി, ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് തിരുവനന്തപുരം ബിഷപ്പ് മാത്യൂസ് മാര്‍ സില്‍വാസിയോസ് എപ്പിസ്കോപ്പ, മാര്‍ത്തോമ സഭ ഡയോസീയന്‍ സെക്രട്ടറി ഫാ.ഷിബു ഒ പ്ലാവിള, ആലുവ ഇമാം ഫൈസല്‍ അസ്‌ഹരി , സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്.സുരേഷ്, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍, ഡി.സി.സി ജില്ല വൈസ് പ്രസിഡന്റ് അഡ്വ.എം. മുനീര്‍, ഡോ.ജി.ആര്‍.കിരണ്‍, ഡോ.മാത്യൂസ് കെ.ലൂക്കോസ് മന്നിയോട്ട്, ഇ.എ. സലീം, ആര്‍. സഹീറത്ത് ബീവി, പൂലന്തറ കെ കിരണ്‍ദാസ്, അനില്‍ ചേര്‍ത്തല, പി.പി. ബാബു, ഡോ. പി.എ. ഹേമലത, സബീര്‍ തിരുമല എന്നിവര്‍‍ സമ്മേളനത്തില്‍ പ്രസംഗിച്ചു.

നവപൂജിതം ദിനമായ ആഗസ്ത് 29 ന് രാവിലെ 5 ന് ആരാധന, പ്രത്യേക പുഷ്പാജ്ഞലി, ധ്വജാരോഹണം, പുഷ്പസമര്‍പ്പണം. 10 ന് നവപൂജിതം സമ്മേളനം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12 മണിക്ക് ഗുരുദര്‍ശനവും വിവിധ സമര്‍പ്പണങ്ങളും അന്നദാനവും ഉണ്ടാകും. ഉച്ചയ്ക്ക് 2.30 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ആത്മീയ മേഖലകളിലെ പ്രമുഖര്‍ വിവിധ സമ്മേളനങ്ങളുല്‍ സംബന്ധിക്കും. രാത്രി 7.30 ന് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി നവപൂജിതം സമര്‍പ്പണം സന്ദേശം നല്‍കും.

ഫോട്ടോ : പോത്തന്‍‌കോട് ശാന്തിഗിരി ആശ്രമത്തില്‍ ‘നവപൂജിതം‘ ആഘോഷങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി, സ്വാമി ചൈതന്യ ജ്ഞാന തപസ്വി, കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായർ, സബീര്‍ തിരുമല, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൌലവി, പാലോട് രവി, ഡോ.മാത്യൂസ് കെ.ലൂക്കോസ് മന്നിയോട്ട് തുടങ്ങിയവർ ‍ സമീപം.

Back To Top