
‘ആശ്വാസം, സന്തോഷം’; എംജിഎം പൊൻമുടി വാലി പബ്ലിക് സ്കൂളിൽ പ്യൂണായി ജോലിയിൽ പ്രവേശിച്ച് ബിന്ദു
തിരുവനന്തപുരം: പേരൂർക്കട വ്യാജ മോഷണക്കേസിൽ കുറ്റമാരോപിച്ച് അന്യായമായി തടവിൽ വെച്ച ബിന്ദു സ്കൂളിൽ പ്യൂണായി ജോലിയിൽ പ്രവേശിച്ചു. എംജിഎം പൊൻമുടി വാലി പബ്ലിക് സ്കൂളിലാണ് ബിന്ദു ജോലിയിൽ പ്രവേശിച്ചിരിക്കുന്നത്. ജോലി കിട്ടിയതിൽ സന്തോഷമെന്ന് ബിന്ദു പ്രതികരിച്ചു. പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷമെന്നാണ് ബിന്ദുവിന്റെ പ്രതികരണം.
ബിന്ദുവിന് എംജിഎം സ്കൂളിൽ പ്യൂണായി നിയമനം നൽകുമെന്ന് എംജിഎം ഗ്രൂപ്പ് ചെയർമാൻ ഗീവർഗീസ് യോഹന്നാൻ ആണ് പറഞ്ഞത്. മാനേജ്മെൻ്റ് പ്രതിനിധികൾ ബിന്ദുവിൻ്റെ വീട്ടിലെത്തിയാണ് ഇക്കാര്യം അറിയിച്ചത്.
പേരൂർക്കടയിലെ വ്യാജ മാല മോഷണക്കേസിൽ സെപ്റ്റംബര്‍ 10നാണ് വൻ വഴിത്തിരിവ് ഉണ്ടാകുന്നത്. വീട്ടുജോലിക്കാരി ബിന്ദുവിനെ പ്രതിയാക്കാൻ പൊലീസ് തിരക്കഥയുണ്ടാക്കിയെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. പരാതിക്കാരിയായ ഓമന ഡാനിയലിന്‍റെ വീട്ടിനുള്ളിൽ നിന്ന് സ്വർണ്ണം കിട്ടിയിട്ടും ബിന്ദുവിനെ കുടുക്കാൻ ശ്രമിച്ചെന്നാണ് പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരന്‍റെ അന്വേഷണത്തിലെ കണ്ടെത്തൽ.