
സുബീൻ ഗാർഗ് മരിച്ചത് സ്‌കൂബ ഡൈവിങ്ങിനിടെയല്ല; ദുരൂഹതയേറുന്നു
ഗുവാഹത്തി: സംഗീതജ്ഞൻ സുബീൻ ഗാർഗിന്റെ മരണത്തിൽ ദുരൂഹത വർധിക്കുന്നു. സുബീൻ ഗാർഗ് സിംഗപ്പൂരിൽ വച്ച് മരിച്ചത് സ്‌കൂബ ഡൈവിങ്ങിനിടെയല്ലെന്നും കടലിൽ നീന്തുന്നതിനിടെയാണെന്നുമാണ് പുതിയ റിപ്പോർട്ടുകൾ. ഇതിനിടെ മരണവുമായി ബന്ധപ്പെട്ട് സുബീനുമായി വളരെ അടുപ്പമുള്ള രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.
സംഗീതജ്ഞൻ ശേഖർ ജ്യോതി ഗോസ്വാമി, ഗായിക അമൃത്പ്രഭ മഹന്ത എന്നിലരാണ് പിടിയിലായത്. സിംഗപ്പൂർ യാത്രയിൽ ഇരുവരും സുബിന് ഒപ്പം ഉണ്ടായിരുന്ന ഇരുവരെയും ആറു ദിവസത്തെ ചോദ്യംചെയ്യലിനൊടുവിലാണ് അറസ്റ്റു ചെയ്തത്. ഇതോടെ മരണവുമായി ബന്ധപ്പെട്ടത് ആകെ അറസ്റ്റിലായവരുടെ എണ്ണം നാലായി.
സുബീൻ ഗാർഗിന്റെ മാനേജർ സിദ്ധാർഥ് ശർമ, നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ മാനേജർ ശ്യാംകാനു മഹന്ത എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മറ്റ് രണ്ട് പേർ. ഗൂഢാലോചന, മനഃപൂർവമല്ലാത്ത നരഹത്യ എന്നി വകുപ്പുകൾ ചുമത്തിയ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.