
‘ലോക — ചാപ്റ്റർ വൺ’ 300 കോടി ക്ലബ്ബിൽ ഇടം നേടി;ഒരു മലയാള സിനിമ നേടുന്ന എക്കാലത്തേയും മികച്ച നേട്ടം
മലയാള സിനിമയിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് ദുൽഖർ സൽമാൻ്റെ നിർമ്മാണ കമ്പനിയായ വേഫെറർ ഫിലിംസ് നിർമ്മിച്ച ‘ലോക — ചാപ്റ്റർ വൺ’ 300 കോടി ക്ലബ്ബിൽ ഇടം നേടി. മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി 300 കോടി ക്ലബ്ബിൽ എത്തുന്ന ചിത്രമാണിത്. റിലീസ് ചെയ്ത് 45 ദിവസങ്ങൾ കൊണ്ടാണ് ചിത്രത്തിൻ്റെ ആഗോള ഗ്രോസ് കളക്ഷൻ ഈ മാന്ത്രിക സംഖ്യയിൽ തൊട്ടത്. ഡൊമിനിക് അരുൺ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറി. കേരള ചരിത്രത്തിൻ്റെ ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കേരളത്തിൽ നിന്ന് മാത്രം 120 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രം വിദേശത്തു നിന്നും അത്ര തന്നെ ഗ്രോസ് കളക്ഷൻ സ്വന്തമാക്കി. റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് ഏകദേശം 60 കോടിയോളമാണ് ചിത്രം നേടിയ ഗ്രോസ്. യു എ ഇയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട മലയാള ചിത്രം, ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞ രണ്ടാമത്തെ തെന്നിന്ത്യൻ ചിത്രം, ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രം, മലയാളത്തിലെ പുതിയ ഇൻഡസ്ട്രി ഹിറ്റ് തുടങ്ങിയ റെക്കോർഡുകളും ‘ലോക’ സ്വന്തമാക്കി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ആഗോള തലത്തിൽ ഏറ്റവും അധികം പ്രേക്ഷകർ കണ്ട മലയാള ചിത്രമായി മാറിയ ‘ലോക’, 1 കോടി 18 ലക്ഷത്തിലധികം പ്രേക്ഷകരാണ് ഇതിനോടകം ആഗോള തലത്തിൽ കണ്ടത് എന്നാണ് കണക്കുകൾ.