
കുണ്ടന്നൂർ തോക്ക് ചൂണ്ടി കവർച്ച: 14 ലക്ഷം രൂപയ്ക്ക് ഏലക്ക വാങ്ങി, തൊണ്ടിമുതലും 30 ലക്ഷവും കണ്ടെടുത്തു
എറണാകുളം കുണ്ടന്നൂരിലെ സ്റ്റീൽ വിൽപ്പന കേന്ദ്രത്തിൽ തോക്ക് ചൂണ്ടി കവർച്ച നടത്തിയ കേസിൽ നിർണായക വഴിത്തിരിവ്. പൊലീസ് നടത്തിയ അന്വേഷണത്തിൽ കവർച്ചാപ്പണത്തിലെ 30 ലക്ഷം രൂപയും മറ്റ് തൊണ്ടിമുതലുകളും കണ്ടെടുത്തു. കവർച്ച ചെയ്ത പണത്തിൽ നിന്ന് 14 ലക്ഷം രൂപയ്ക്ക് പ്രതികൾ ഏലക്ക വാങ്ങിയതായും കണ്ടെത്തി. ഇടുക്കി മുരിക്കാശേരി സ്വദേശി ലെനിൻ ആണ് ഏലക്ക വാങ്ങിയത്. വാങ്ങിയ ഏലക്കയും പൊലീസ് മരട് സ്റ്റേഷനിലേക്ക് എത്തിച്ചു. സംഭവത്തിൽ അഭിഭാഷകൻ ഉൾപ്പെടെ 11 പേരാണ് ഇതുവരെ പൊലീസിൻ്റെ പിടിയിലായത്. ഒരാളെക്കൂടി പിടികൂടാനുണ്ട്. ആലങ്ങാട് സ്വദേശി ജോജിയാണ് കവർച്ചയുടെ സൂത്രധാരൻ. മുരിക്കാശേരി സ്വദേശികളായ ജെയ്സൽ, അഭിൻസ് എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
‘ട്രേഡിങ് പ്രോഫിറ്റ് ഫണ്ട്’ എന്ന പേരിലുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് കവർച്ച നടന്നതെന്നാണ് പൊലീസ് നിഗമനം. സുബിൻ എന്ന വ്യക്തിക്കാണ് പണം നഷ്ടപ്പെട്ടത്. 80 ലക്ഷത്തിൻ്റെ ഡീലായിരുന്നു എന്നും, ഡീൽ ഉറപ്പിച്ച ശേഷമാണ് പണം വാങ്ങാൻ രണ്ടംഗ സംഘം സുബിൻ്റെ കടയിൽ എത്തിയതെന്നും പൊലീസ് പറയുന്നു. മുഖം മൂടി ധരിച്ചെത്തിയ സംഘം തോക്ക് ചൂണ്ടുകയും വടിവാൾ വീശുകയും ചെയ്താണ് കാറിൽ രക്ഷപ്പെട്ടത്. എന്നാൽ സുബിൻ പറയുന്നത് ‘പണം ഇരട്ടിപ്പിക്കൽ ഡീൽ നടന്നിട്ടില്ലെന്നാണ്. കൈവശം ഉണ്ടായിരുന്നത് ബാങ്കിൽ നിന്ന് എടുത്ത 80 ലക്ഷം രൂപയാണ്. സജിയുമായി 15 ദിവസത്തെ ബന്ധം മാത്രമാണ് ഉണ്ടായിരുന്നത്. സജി സ്ഥാപനത്തിലെത്തി അരമണിക്കൂറിന് ശേഷമാണ് മുഖംമൂടി ധരിച്ചെത്തിയവർ എത്തിയത്’ എന്നാണ്. 30 ലക്ഷത്തിലധികം രൂപയാണ് കവർച്ച സംഘത്തിന് ലാഭമായി ലഭിച്ചത്. കേരളത്തിൽ ഇത്തരത്തിലുള്ള ട്രേഡിങ് പ്രോഫിറ്റ് ഫണ്ട് തട്ടിപ്പ് ആദ്യമാണെന്നും പൊലീസ് പറയുന്നു.