
പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതിയായ ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. ശിക്ഷ വിധിക്കുന്നതിന് മുമ്പായി ജാമ്യത്തിലിറങ്ങിയശേഷം പ്രതി നടത്തിയ ഇരട്ടക്കൊലപാതകത്തെക്കുറിച്ചും കോടതി പരാമര്‍ശിച്ചു. സജിത വധക്കേസ് അപൂര്‍വങ്ങളിൽ അപര്‍വമായ കേസ് അല്ലെന്ന് വ്യക്തമാക്കിയാണ് ചെന്താമരയെ ജീവപര്യന്തം തടവ് ശിക്ഷക്ക് കോടതി വിധിച്ചത്.
രണ്ടു വകുപ്പുകളിലായാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. കൊലപാതകത്തിനും (302) അതിക്രമിച്ചു കടക്കലിനും (449)നും ചേര്‍ത്താണ് ഇരട്ട ജീവപര്യന്തം തടവ്. ഇരട്ട ജീവപര്യന്തത്തിനൊപ്പം 3.25 ലക്ഷം പിഴയും കോടതി വിധിച്ചു. തെളിവ് നശിപ്പിക്കലിന് (201) അഞ്ചു വര്‍ഷം തടവ് ശിക്ഷയും കാല്‍ലക്ഷം രൂപ പിഴയും വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും. കഴിഞ്ഞ ദിവസം പ്രതി കുറ്റകാരനാണെന്ന് പാലക്കാട് നാലാം അഡീഷ്ണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് നടന്ന വാദത്തിന് ശേഷമാണ് ഇന്ന് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്.
പ്രതി കുറ്റകൃത്യം ആവർത്തിക്കാൻ സാധ്യതയുള്ളതിനാൽ പരോൾ നൽകുകയാണെങ്കിൽ സാക്ഷികൾക്കും ഇരകൾക്കും പൂർണ സുരക്ഷ ഉറപ്പുവരുത്തണമെന്നും കോടതി വിധിച്ചു.പ്രതിയുടെ മാനസിക നില ഭദ്രമെന്നും സ്വഭാവം മാറുമെന്നോ നല്ലവനാകുമെന്നോ പ്രതീക്ഷയില്ലെന്നും സജിതയുടെ മക്കള്‍ക്ക് നഷ്ടപരിഹാരം നൽകണമെന്നും കോടതി വ്യക്തമാക്കി. പ്രതി മാനസാന്തരപ്പെടുമെന്ന് പ്രതീക്ഷയില്ലെന്നും കോടതി വിധി ന്യായത്തിൽ പറഞ്ഞു. ചെന്താമര പിഴ തുക നൽകുമെന്ന് പ്രതീക്ഷയില്ലെന്നും അതിനാൽ തന്നെ ലീഗൽ സര്‍വീസ് അതോറിറ്റി സജിതയുടെ മക്കളുടെ പുനരധിവാസം ഉറപ്പാക്കണമെന്നും പണം നൽകണമെന്നും കോടതി വിധിച്ചു.