
67-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന് നാളെ തിരുവനന്തപുരത്ത് കൊടിയേറും. ഒളിമ്പിക് മാതൃകയിൽ സ്കൂൾ കായികോത്സവം സംഘടിപ്പിക്കുന്നത് ഇത് രണ്ടാം തവണയാണ്. നാളെ വൈകുന്നേരം നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. ഒക്ടോബർ 22 മുതൽ 28 വരെ നടക്കുന്ന കായിക മേളയിൽ 12 വേദികളിലായി 2,000 കുട്ടികൾ പങ്കെടുക്കും. ഇത്തവണ 742 ഫൈനൽ മത്സരങ്ങളാണ് നടക്കുക. ഇൻക്ലൂസിവ് സ്പോർട്സിൽ 1944 കായികതാരങ്ങൾ പങ്കെടുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. കൂടാതെ, ഗൾഫ് മേഖലയിൽ നിന്നും 12 പെൺകുട്ടികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. അത്‌ലറ്റിക് മത്സരങ്ങൾ ഒക്ടോബർ 23 മുതൽ 28 വരെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കും.
നാളെ വൈകുന്നേരം നാല് മണിയോടെ ഉദ്ഘാടന ചടങ്ങുകൾ കായികതാരങ്ങളുടെ മാർച്ച് പാസ്റ്റോടെ ആരംഭിക്കും. തുടർന്ന് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയോടൊപ്പം ദീപശിഖ കൈമാറും. പ്രശസ്ത ക്രിക്കറ്റ് താരം സഞ്ജു സാംസൺ ആണ് മേളയുടെ ബ്രാൻഡ് അംബാസഡർ. ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് കീർത്തി സുരേഷ് ഗുഡ്‌വിൽ അംബാസഡറായും ഉണ്ടാകും.