
അങ്കമാലി: അങ്കമാലിയിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ മുത്തശ്ശിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കറുകുറ്റി ചീനി കരിപ്പാലയിൽ ആറാട്ട് പുഴക്കടവിൽ റോസി(66)യാണ് അറസ്റ്റിലായത്. മാനസിക വിഭ്രാന്തിയെ തുടർന്നാണ് റോസി പേരമകളായ ഡൽന മരിയ സാറയെ കൊലപ്പെടുത്തിയെന്നാണ് സൂചന. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് റോസി.
പോസ്റ്റ്മോർട്ടം പൂർത്തിയാക്കി വൈകിട്ട് നാലുമണിയോടെ എടക്കുന്നം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കും. കുഞ്ഞിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി റോസി കിടന്ന മുറിയിൽനിന്ന് കണ്ടെടുത്തിരുന്നു. മാനസികാസ്വാസ്ഥ്യം നേരിടുന്ന റോസിലിയെ ആശുപത്രിയിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ചെല്ലാനം ആറാട്ടുപുഴക്കടവിൽ ആൻ്റണിയുടെയും റൂത്തിന്റെയും മകളാണ് കൊല്ലപ്പെട്ട ഡൽന മരിയ സാറ. ബുധൻ രാവിലെ ഒൻപതോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. റോസിയുടെ അരികിൽ കുഞ്ഞിനെ ഉറക്കാൻ കിടത്തിയിട്ട് റൂത്ത് അടുക്കളയിലായിരുന്നു. റോസിയുടെ മുറിയിൽനിന്ന് ശബ്ദം കേട്ട് ആന്റണി എത്തിയപ്പോൾ കുഞ്ഞിനെ ചോരയിൽ കുളിച്ചനിലയിൽ കണ്ടു. കഴുത്തിൽ മുറിവുണ്ടായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ഡോക്ടറാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് പരിശോധനയിൽ റോസിയുടെ മുറിയിൽനിന്ന് കത്തി കണ്ടെത്തി. ഇവർക്ക് മാനസികാസ്വാസ്ഥ്യമുള്ളതായും ഇടയ്‌ക്ക് സോഡിയം കുറയാറുണ്ടെന്നും ഇന്നലെതന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു.
കുഞ്ഞിൻ്റെ അച്ഛൻ ആൻ്റണിയുടെയും റോസിയുടെ ഭർത്താവ് ദേവസിക്കുട്ടിയുടെയും മൊഴിയെടുത്തു. ആലുവ ഡിവൈഎസ്‌പി ടി ആർ രാജേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഫോറൻസിക്, വിരലടയാള വിദഗ്‌ധരും വീട്ടിൽ പരിശോധന നടത്തി. മൃതദേഹം എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുഞ്ഞിന്റെ പോസ്‌റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി.

