
ഇന്ന് രാവിലെ പനവല്ലി അപ്പപ്പാറ റോഡിൽ വെച്ചാണ് സ്കൂട്ടർ യാത്രികന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. ഭിന്നശേഷിക്കാരനായ അരണപ്പാറ വാകേരി ഷിബു സഞ്ചരിച്ച സ്കൂട്ടറിന് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. ഷിബു ജോലി ചെയ്യുന്ന റിസോർട്ടിലേക്ക് പോകുന്ന വഴിക്കായിരുന്നു സംഭവം. തുടർന്ന് ഷിബു വയലിനോട് ചേർന്ന ഫെൻസിങ്ങിന് ഉള്ളിലേക്ക് ഓടി കയറിയതിനാൽ ആണ് വലിയ അപകടം ഒഴിവായത്. വനപാലകർ സ്ഥലത്തെത്തി ഷിബുവിനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ സാരമുള്ളതല്ലെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായത്. കഴിഞ്ഞദിവസം ഇതിനോട് ചേർന്നുള്ള സ്ഥലത്ത് വെച്ച് മുത്തു എന്ന പതിനാറുകാരനേയും കാട്ടാന ആക്രമിച്ചിരുന്നു. തുടർച്ചയായി കാട്ടാന ആക്രമണമുണ്ടാകുന്ന സാഹചര്യത്തിൽ കൂടുതൽ കാവൽ ഏർപ്പെടുത്താൻ വനപാലകരോട് ആവശ്യപെട്ടതായി ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് ജിതിൻ പറഞ്ഞു.

