Flash Story
മേഘാലയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു കേരളം ക്വാർട്ടറിൽ കടന്ന്
സര്‍ക്കാര്‍ ജീവനക്കാർക്ക് കൈനിറയെ; ശമ്പള പരിഷ്കരണത്തിന് കമ്മീഷൻ, ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകും
കാലി ഖജനാവുളള സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ ജനങ്ങൾ വിശ്വസിക്കില്ല: ബി ജെ പി
കേരള ബജറ്റ് 2026 – 27
ക്ഷേമ പെന്‍ഷനായി 14,500 കോടി; സ്ത്രീ സുരക്ഷാ പെന്‍ഷന് 3,820 കോടി; കരുതല്‍ തുടര്‍ന്ന് സര്‍ക്കാര്‍
മാജിക് ബജറ്റായിരിക്കില്ല അവതരിപ്പിക്കുകയെന്നും പ്രായോഗിക ബജറ്റായിരിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ
വികസിത കേരളത്തിനായുള്ള ബജറ്റ് ആവണം സംസ്ഥാന സർക്കാർ അവതരിപ്പിക്കേണ്ടത് :-ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
കോർപ്പറേഷൻ്റെ കരട് വികസന രേഖ അവതരിപ്പിച്ച് മേയർ

തിരുവനന്തപുരം: തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച് അവയവങ്ങൾ ദാനം ചെയ്ത തിരുവനന്തപുരം കവടിയാർ ജവഹർ നഗർ സ്വദേശി ദിവാകർ എസ് രാജേഷ് (53) ഇനി അഞ്ച് പേരിലൂടെ ജീവിക്കും. ദിവാകറിന്റെ രണ്ട് വൃക്ക, കരൾ, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്കയും കരളും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ രോഗിക്കും ഒരു വൃക്ക കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലെ രോഗിക്കും രണ്ട് നേത്രപടലങ്ങൾ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താൽമോളജിയിലെ രോഗികൾക്കുമാണ് നൽകിയത്. തിരുവനന്തപുരത്ത് ടാക്സ് കൺസൾട്ടന്റായി ജോലി ചെയ്യുകയായിരുന്നു ദിവാകർ.
തീവ്രമായ ദുഃഖത്തിലും അവയവദാനത്തിന് സന്നദ്ധരായ ദിവാകറിന്റ കുടുംബാംഗങ്ങളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. ദിവാകറിന് ആദരാഞ്ജലികൾ അർപ്പിച്ച മന്ത്രി, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു.

ഡിസംബർ 14ന് രാത്രി 10ന് കടുത്ത തലചുറ്റലിനെ തുടർന്ന് ദിവാകർ എസ് രാജേഷിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡിസംബർ 17ന് മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് സമ്മതം നൽകി. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവദാന നടപടിക്രമങ്ങളും ഏകോപനവും പൂർത്തിയായത്. അഡ്വക്കേറ്റ് അശ്വതി ബോസാണ് ദിവാകർ എസ് രാജേഷിന്റെ ഭാര്യ. മകൾ: പൂർണിമ രാജേഷ് (പ്ലസ്ടു വിദ്യാർത്ഥി). സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച (ഡിസംബർ 19) ജവഹർനഗറിലെ വീട്ടിൽ നടക്കും.
ചിത്രം: ദിവാകർ എസ് രാജേഷ്

Back To Top