
ആധുനികകാലത്ത് വിദ്യാഭ്യാസം നേടി ജനാധിപതൃ അവകാശബോധത്തോടെ മുന്നോട്ടു വരുന്ന മുസ്ലിം സ്ത്രീക്ക് ഏറ്റവും വലിയ വെല്ലുവിളിയായി നിൽക്കുന്നത് ഒരിക്കലും മാറ്റത്തിനു വിധേയമാകാൻ പാടില്ലാത്ത ദൈവവചനങ്ങളെന്ന പേരിൽ നിലനിർത്തിക്കൊണ്ടുപോരുന്ന വ്യക്തിനിയമങ്ങളാണെന്ന് പ്രമുഖ സാഹിത്യകാരിയും കേരള സാഹിത്യ അക്കാദമിയുടെ മുൻ വൈസ് പ്രസിഡന്റുമായിരുന്ന ഡോ. ഖദീജ മുംതാസ് പറഞ്ഞു. വക്കം മൗലവി സ്‌മാരക ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച വക്കം മൗലവി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു ഡോ. ഖദീജ. വ്യക്തിനിയമങ്ങളിലെ പിന്തുടർച്ചാവകാശ നിയമം ഇതിൽ പ്രധാനമാണെന്ന് ഡോ.ഖദീജ മുംതാസ് ചൂണ്ടിക്കാട്ടി. വക്കം മൗലവി ഉയർത്തിപ്പിടിച്ച ഇസ്ലാമികാശയങ്ങളായ സമത്വം, നീതി, സ്വതന്ത്ര ന്യായവിചാരം എന്നിവയ്ക്ക് വിരുദ്ധമാണത്.
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെയും മലയാള ഭാഷയും ആധുനികവിദ്യാഭ്യാസവും അവഗണിക്കുന്ന സമുദായത്തിൻ്റെ പ്രവണതയ്ക്കെതിരെയും സ്ത്രീ വിവേചനങ്ങൾക്കെതിരെയും മൗലവി ശക്തമായി പ്രതികരിച്ചു. വിശ്വാസം എന്നതു പോലെത്തന്നെ പ്രധാനമാണ് വിശ്വാസിക്കു അനുവദിക്കപ്പെട്ടിട്ടുള്ള സ്വതന്ത്രവിധിക്കുള്ള അനുവാദം എന്നു ന്യായയുക്തം വാദിച്ചുറപ്പിക്കുന്നു അദ്ദേഹം. അതുകൊണ്ടു തന്നെ, മുസ്ലിം പുരുഷനെപ്പോലെ അവകാശങ്ങളും സാമൂഹ്യബന്ധങ്ങളും നിലനിർത്താൻ സ്ത്രീക്കും ഇസ്ലാമിൽ തുല്യഅവസരങ്ങൾ ലഭിക്കേണ്ടതാണ് എന്ന കാര്യത്തിൽ അദ്ദേഹത്തിന് സംശയമില്ല. ഈ ആശയങ്ങളിലൂന്നി കാലത്തിലൂടെ കടന്നു പോവുമ്പോൾ അപ്പപ്പോഴത്തെ സ്ഥിതികൾക്കനുസരിച്ച് യുക്തിവിചാരം, പൊതുനന്മ, നീതി എന്നിവ പരിഗണിച്ച് ലൗകികവിഷയങ്ങൾ ഭേദപ്പെടുത്താം എന്നും ഖുർആനിലും നബിവചനങ്ങളിലും വിശ്വാസമർപ്പിച്ചു കൊണ്ടു തന്നെ മൗലവി എടുത്തുപറഞ്ഞിരുന്നു.
കേരളത്തിൻ്റെയും തിരുവിതാംകൂർ നാട്ടു രാജ്യത്തിൻ്റെയും സ്വാതന്ത്ര്യസമര ചരിത്രത്തിലെ മറക്കാൻ പാടില്ലാത്ത ഒരേടാണ് വക്കം മൗലവിയും സ്വദേശാഭിമാനി രാമൃഷ്ണപ്പിള്ളയും ചേർന്ന് അക്ഷരങ്ങളിലൂടെ നടത്തിയ ബൗദ്ധികവിപ്ലവം. രണ്ടു പേർക്കും ജീവിതത്തിൽ ഏറെ കഷ്ട നഷ്ടങ്ങൾ വരുത്തി വെച്ച സാഹസിക പ്രവൃത്തിയായിരുന്നു അത്. അത്തരം ചെറുതും വലുതുമായ സാഹസങ്ങളിലൂടെയാണ് ചരിത്രം എന്നും മുന്നോട്ടു പോയിട്ടുള്ളതും. മുസ്ലിങ്ങൾ അപരവൽക്കപ്പെട്ടു കൊണ്ടിരിക്കുന്ന വർത്തമാന രാഷ്ട്രീയ കാലാവസ്ഥയിൽ എടുത്തു പറയേണ്ട മറ്റനേകങ്ങൾ പോലെത്തന്നെ, വക്കം മൗലവിയുടെ സ്വാതന്ത്ര്യ സമര സംഭാവനയെ സ്മരിക്കുന്നതിൽ കൂടുതൽ പ്രസക്തിയുണ്ടെന്നും ഡോ. കദീജ മുംതാസ് പറഞ്ഞു.
ചടങ്ങിൽ ഈ വർഷത്തെ വക്കം മൗലവി സ്മാരക പുരസ്‌കാരം മുതിർന്ന എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ശ്രീ.ജി.പ്രിയദർശനനു നൽകി. ഡിസി ബുക്ക്സ് പ്രസിദ്ധീകരിച്ച “നവോത്ഥാനത്തിന്റെ നീക്കിയിരിപ്പുകൾ: വക്കം മൗലവിയുടെ സമ്പൂർണകൃതികൾ” പ്രകാശനം ചെയ്തു. ചടങ്ങിൽ മലയാളം മിഷൻ മുൻ ഡയറക്ടർ സുജ സൂസൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ഷെഹ്‌നാസ് സ്വാഗതവും ഡോ. ഷാഹിന നന്ദിയും പറഞ്ഞു.
Prof M Thahir
(President)
