
നേമം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി നാമനിർദേശ പത്രിക സമർപ്പിച്ചു. ശനിയാഴ്ച രാവിലെ 11 മണിക്ക് പി.എം.ജി സ്റ്റുഡന്റ്സ് സെന്ററിൽ നിന്ന് നൂറുകണക്കിന് പ്രവർത്തകരുടെ പങ്കാളിത്തത്തോടെയും വാദ്യമേളങ്ങളുടെ അകമ്പടിയോടെയുമാണ് പത്രികാ സമർപ്പണ ജാഥ ആരംഭിച്ചത്.
പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി വി. ശിവൻകുട്ടി ഇ.എം.എസ് പ്രതിമയിൽ പുഷ്പാർച്ചന നടത്തി ആദരമർപ്പിച്ചു.
തുടർന്ന് വികാസ് ഭവനിലെ തൊഴിൽ ഭവനിൽ എത്തി വരണാധികാരി മുൻപാകെ പത്രിക സമർപ്പിച്ചു.
നേമം മണ്ഡലത്തിലെ ഓട്ടോ തൊഴിലാളികൾ സമാഹരിച്ചു നൽകിയ തുകയാണ് പത്രികയോടൊപ്പം കെട്ടിവെക്കാനായി ഉപയോഗിച്ചത് എന്നത് ശ്രദ്ധേയമായി. സാധാരണക്കാരായ തൊഴിലാളികൾ സ്ഥാനാർത്ഥിക്ക് നൽകുന്ന പിന്തുണയുടെയും കരുതലിന്റെയും പ്രതീകമായി ഇത് മാറി.
എൽ.ഡി.എഫ് നേതാക്കളായ എം. വിജയകുമാർ, ടി. എൻ. സീമ, എസ്. പുഷ്പലത, പി. എസ്. ഹരികുമാർ, പാപ്പനംകോട് അജയൻ, ശാർങ്ഗധരൻ നായർ, വണ്ടിത്തടം മധു, ആർ. പി. ശിവജി തുടങ്ങിയ പ്രമുഖ നേതാക്കളും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.
