തിരുവനന്തപുരം: സംസ്ഥാനത്ത് ക്രഷ് നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഏകദിന ശില്പശാല തിരുവനന്തപുരം KTDC ചൈത്രം ഹോട്ടലിൽ സംഘടിപ്പിച്ചു. വിവിധ സർക്കാർ വകുപ്പ് പ്രതിനിധികൾ പങ്കെടുത്ത ശില്പശാലയുടെ സമാപനം വനിതാ ശിശു വികസന, തൊഴിൽ, മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീമതി. ബിന്ദു കൃഷ്ണ നിർവഹിച്ചു.
സംഘടിത അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആറ് മാസം മുതൽ ആറ് വയസുവരെ പ്രായമുള്ള കുട്ടികളുടെ സുരക്ഷിതമായ പരിചരണവും സംരക്ഷണവും ആണ് ക്രഷ് നയത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. നിലവിലുള്ള അങ്കണവാടികളെ, അങ്കണവാടി cum ക്രഷ് ആയി ഉയർത്തി അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം. മികച്ച അടിസ്ഥാന സൗകര്യങ്ങൾ, സുരക്ഷിതത്വം, അപകടരഹിതമായ കളിപ്പാട്ടങ്ങൾ എന്നിവ ഉറപ്പാക്കി ആയിരിക്കും ക്രഷുകൾ എന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ക്രഷ് പോളിസിയുടെ ആവശ്യകത, നിലവിൽ പ്രവർത്തിക്കുന്ന ക്രഷ് ജീവനക്കാരുടെ വേതനവ്യവസ്ഥയിലെ ന്യൂനതകൾ, ക്രഷ് ജീവനക്കാർക്ക് ആവശ്യമായ യോഗ്യത, പരിശീലനത്തിന്റ ആവശ്യകത, സമൂഹത്തിന്റ ഉത്തരവാദിത്തം തുടങ്ങിയവ ശില്പശാലയിൽ ചർച്ച ചെയ്തു. ക്രഷ് നയരൂപീകരണത്തിന് മുന്നോടിയായി കരട് രൂപരേഖ സംബന്ധിച്ചുള്ള ചർച്ചയും, തുടർന്ന് നയവുമായി ബന്ധപ്പെട്ട വിവിധ മേഖകളിൽ നിന്നുള്ളവരുടെ നേതൃത്വത്തിൽ ചർച്ചയും നടത്തിയാകും അന്തിമ ക്രഷ് നയം രൂപപ്പെടുത്തുന്നത്.
വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ വി വിഗ്നേശ്വരി, അഡിഷണൽ ഡയറക്ടർ ബിന്ദു ഗോപിനാഥ്, നിർഭയ സെൽ സ്റ്റേറ്റ് കോഡിനേറ്റർ അഡ്വ ശ്രീല മേനോൻ, സീനിയർ സൂപ്രണ്ട് പ്രദീപ്കുമാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
