
തിരുവനന്തപുരം തൃക്കണ്ണാപുരത്ത് ബിജെപി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു. തൃക്കണ്ണാപുരം സ്വദേശി ആനന്ദ് കെ തമ്പിയാണ് മരിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തഴഞ്ഞതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് സൂചന. ഇദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പില്‍ ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. തന്റെ ഭൗതിക ശരീരം പോലും ഒരു ബിജെപിക്കാരനേയും കാണിക്കരുതെന്ന് ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. (bjp leader killed himself in thiruvananthapuram)
മരിക്കുന്നതിന് തൊട്ടുമുന്‍പ് ആനന്ദ് സുഹൃത്തുക്കള്‍ക്കയച്ച ആത്മഹത്യാ സന്ദേശത്തില്‍ ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. തൃക്കണ്ണാപുരം വാര്‍ഡിലെ ബിജെപി ഏരിയ പ്രസിഡന്റ് ആലപ്പുറം കുട്ടന്‍, ആര്‍എസ്എസിന്റെ നഗര്‍ കാര്യവാഹക് രാജേഷ്, നിയോജക മണ്ഡലം കമ്മിറ്റി കൃഷ്ണകുമാര്‍ എന്നിവര്‍ക്ക് മണല്‍ മാഫിയയുമായി ബന്ധമുണ്ടെന്ന് സന്ദേശത്തില്‍ ആരോപിക്കുന്നു. ഇവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാകാനാണ് മണ്ണ് മാഫിയക്കാരനായ വിനോദ് കുമാറിനെ തൃക്കണ്ണാപുരത്ത് സ്ഥാനാര്‍ഥിയാക്കിയതെന്നും കുറിപ്പില്‍ പറയുന്നുണ്ട്. തൃക്കണ്ണാപുരത്ത് ആനന്ദ് വിമത സ്ഥാനാര്‍ഥിയായി മത്സരിക്കാനിരിക്കുകയായിരുന്നു. പോസ്റ്ററുകള്‍ വരെ അടിച്ചതിന് ശേഷമാണ് ആത്മഹത്യ.

