
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തെ അമ്പരപ്പിച്ചുകൊണ്ട് മുൻ മുഖ്യമന്ത്രിയും മുൻ എഐഎഡിഎംകെ നേതാവുമായ ഒ. പനീർശെൽവം (ഒപിഎസ്) ദ്രാവിഡ മുന്നേറ്റ കഴകത്തിൽ (ഡിഎംകെ) ചേർന്നു. വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെ അദ്ദേഹം ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാളയത്തിലെത്തി മുഖ്യമന്ത്രി എം.കെ. സ്റ്റാലിലിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്.
രാവിലെ ഒൻപത് മണിയോടെ ഒപിഎസ് തൻ്റെ എംഎൽഎ സ്ഥാനം രാജിവെച്ചിരുന്നു. കേവലം സഖ്യകക്ഷിയായല്ല, മറിച്ച് ഡിഎംകെയിൽ നേരിട്ട് അംഗത്വമെടുക്കാനാണ് അദ്ദേഹത്തിന്റെ നീക്കമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് നേരത്തെ വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ‘സഖ്യത്തിൽ ചേരാൻ മാത്രമാണെങ്കിൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ട ആവശ്യമില്ലായിരുന്നു’ എന്നും അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞയാഴ്ച നിയമസഭയിൽ പനീർശെൽവത്തോട് വിശ്വസ്തത പുലർത്തുന്ന അവസാന എംഎൽഎയായ പി. അയ്യപ്പൻ മുഖ്യമന്ത്രി സ്റ്റാലിനെ പരസ്യമായി പ്രശംസിച്ചതോടെയാണ് ഈ രാഷ്ട്രീയ നീക്കത്തിന്റെ ആദ്യ സൂചനകൾ പുറത്തുവന്നത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ വിശ്വസ്തനായിരുന്ന പനീർശെൽവം, ഒരു കാലത്ത് ഡിഎംകെയുടെ കടുത്ത വിമർശകനായിരുന്നു.
എഐഎഡിഎംകെയിൽ എടപ്പാടി പളനിസ്വാമിയുമായുള്ള (ഇപിഎസ്) അധികാരത്തർക്കത്തെത്തുടർന്ന് പാർട്ടിക്ക് പുറത്തായ പനീർശെൽവം, കഴിഞ്ഞ കുറച്ചു കാലമായി രാഷ്ട്രീയമായി ഒറ്റപ്പെട്ട നിലയിലായിരുന്നു. തമിഴ്നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ പോകുന്ന ഒന്നായാണ് രാഷ്ട്രീയ നിരീക്ഷകർ ഈ കൂടുമാറ്റത്തെ കാണുന്നത്.
