തൃശൂർ: കുപ്രസിദ്ധ മോഷ്ടാവും ഗുണ്ടാ നേതാവുമായ ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. വിയ്യൂർ സെൻട്രൽ ജയിലിനു സമീപത്തുവച്ചാണ് ബാലമുരുകൻ രക്ഷപ്പെട്ടത്. തമിഴ്‌നാട് പൊലീസിന് കൈമാറിയ പ്രതിയെ തിരികെ എത്തിക്കുന്നതിനിടെ തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവമെന്നാണ് വിവരം.

തമിഴ്നാട് തെങ്കാശി സ്വദേശിയാണ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ബാലമുരുകൻ. കൊലപാതക ശ്രമം, മോഷണം തുടങ്ങി 50 ഓളം കേസുകളിൽ പ്രതിയാണ് ബാലമുരുകന്‍ എന്നാണ് വിവരം. തമിഴ്‌നാട്ടിലെ കേസിൽ വിരുനഗറിലെ കോടതിയിൽ ഹാജരാക്കി വിയ്യൂരിൽ തിരികെ വരുന്നതിനിടെ ജയിലിന്റെ മുമ്പിൽ വെള്ളം വാങ്ങാൻ നിർത്തിയപ്പോൾ പൊലീസ് വാഹനത്തിൽ നിന്ന് പ്രതി ഇറങ്ങിയോടുകയായിരുന്നു.
പൊലീസിനെ വെട്ടിച്ച് അടുത്തുള്ള മതില്‍ ചാടി രക്ഷപ്പെടുകയുമായിരുന്നു എന്നാണ് വിവരം. കഴിഞ്ഞ മേയിലും സമാന രീതിയിൽ തമിഴ്നാട് പൊലീസിന്റെ വാഹനത്തിൽ നിന്ന് ബാലമുരുകൻ രക്ഷപ്പെട്ടിരുന്നു. മോഷ്ടിച്ച ബൈക്കിലായിരുന്നു അന്ന് പ്രതി കടന്നുകളഞ്ഞത്. പിന്നീട് കസ്റ്റഡിയിലാവുകയായിരുന്നു.
അതേസമയം, കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ബാലമുരുകനായി തരച്ചിൽ തുടരുകയാണ്. തൃശൂർ നഗരത്തിൽ വ്യാപക പരിശോധനയാണ് നടക്കുന്നത്. കറുത്ത ഷർട്ടും വെളുത്ത മുണ്ടുമായിരുന്നു രക്ഷപ്പെടുമ്പോൾ പ്രതിയുടെ വേഷം എന്ന് പൊലീസ് അറിയിച്ചു.

