
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മാദാബാദ് വിമാനത്താവളത്തിന് സമീപം എയർ ഇന്ത്യ വിമാനം തകർന്നുവീണു.നഗരത്തിലെ എല്ലാ എമർജൻസി ഫയർഫോഴ്സ് യൂണിറ്റുകളും സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥലത്തുനിന്ന് വലിയ രീതിയിൽ പുക ഉയരുന്നുണ്ട്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. 230 യാത്രക്കാരും 12 ജീവനക്കാരും ഉൾപ്പെടെ 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.200ലേറെ മരിച്ചതായി വാർത്താഏജൻസി റിപ്പോർട്ട് ചെയ്തു.169 ഇന്ത്യൻ പൗരന്മാർ, 53 ബ്രിട്ടീഷ് പൗരന്മാർ, 1 കനേഡിയൻ പൗരൻ, 7 പോർച്ചുഗീസ് പൗരന്മാർ എന്നിവരാണ് യാത്ര ചെയ്തിരുന്നത് എന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു.
വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും മരിച്ചുവെന്ന് കരുതപ്പെടുന്നു.
വിമാനത്തിലുണ്ടായിരുന്ന മലയാളി രഞ്ജിത ഗോപകുമാരൻ നായർ മരിച്ചെന്ന് സ്ഥിരീകരണം. വിമാനത്തിലുണ്ടായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചതായി റിപ്പോർട്ടുകളുണ്ട് .

മേഘാനി നഗറിലെ ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ മെസ്സിന് മുകളിലാണ് വിമാനം ഇടിച്ചിറങ്ങിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അപകടസമയത്ത് വിദ്യാർത്ഥികൾ ഹോസ്റ്റൽ മെസ്സിൽ ഉണ്ടായിരുന്നെന്ന് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ (എഫ്ഐഎം) അറിയിച്ചു. എഫ്ഐഎംഎ പങ്കിട്ട ചിത്രങ്ങളിൽ ഹോസ്റ്റൽ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്ന വിമാനത്തിൻ്റെ ഒരു ഭാഗം കാണാം.അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതിൽ നാല് ബിരുദ വിദ്യാർത്ഥികളും ഒരു ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയും ഉൾപ്പെടുന്നു.60 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.
അപകടത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷായുമായും സിവിൽ ഏവിയേഷൻ മന്ത്രി രാംമോഹൻ നായിഡുവുമായും സംസാരിച്ചു. രണ്ട് മന്ത്രിമാരോടും അഹമ്മദാബാദിലേക്ക് പോയി ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.