
തിരുവനന്തപുരം: എക്സൈസ് കമ്മീഷണര്‍ സ്ഥാനത്തു നിന്നും എംആര്‍ അജിത് കുമാറിനെ മാറ്റി. അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ക്കാണ് പകരം ചുമതല നല്‍കിയിട്ടുള്ളത്. സംസ്ഥാനത്തെ കേഡര്‍ തസ്തികകളില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്ന് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പൊലീസ് എഡിജിപിയാണ് എംആര്‍ അജിത് കുമാര്‍. അജിത് കുമാറിന് തിരികെ പൊലീസില്‍ നിയമനം നല്‍കിയേക്കുമെന്നാണ് സൂചന. സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അപ്പീല്‍ നല്കുന്നതിനു മുമ്പായിട്ടാണ് മാറ്റം.
ഐ എ എസ് ഓഫീസേഴ്സ് അസോസിയേഷന് നല്കിയ ഹര്‍ജിയിലാണ് സിഎടി ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. എക്സൈസ് കമ്മീഷണര്‍ സ്ഥാനം ഐ എ എസ് കേഡര്‍ തസ്തികയാണെന്നും അവിടെ ഐ എ എസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. 2014 ലെ കേഡര്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം. ബി അശോകിനെ മാറ്റിയതുള്‍പ്പെടെയുള്ള മൂന്ന് സ്ഥലംമാറ്റ ഉത്തരവുകള്‍ കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.
അതെ സമയം, സെന്‍ട്രല്‍ അഡിമിനിസ്ട്രേറ്റീവ് ട്രൈബ്യൂണിലിനെ സമീപിച്ച മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ബി അശോകിനെയും സ്ഥലംമാറ്റി.കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കാര്‍ഷികോത്പാദന കമ്മീഷണറുമായ ബി അശോകിനെ, സൈനികക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് നിയമിച്ചത്. യുവജനവകുപ്പിന്റെ ചുമതലയും നല്‍കിയിട്ടുണ്ട്.
