
തടവ് ശിക്ഷ മാത്രമല്ല എംഎൽഎ സ്ഥാനം നഷ്ടമാകും, ആന്‍റണി രാജു അയോഗ്യനായി; തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല
തിരുവനന്തപുരം:ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷപ്പെടുത്താൻ തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആൻ്റണി രാജുവിന് മൂന്ന് തടവ് ശിക്ഷയും പിഴയും. ഗൂഢാലോചനയ്ക്ക് 6 മാസം തടവ്, തെളിവ് നശിപ്പിക്കലിന് 3 വർഷം തടവും 10,000 രൂപ പിഴയും, കള്ള തെളിവ് ഉണ്ടാക്കൽ വകുപ്പിന് 3 വർഷം തടവ് എന്നിങ്ങനെയാണ് നെടുമങ്ങാട് ഒന്നാം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് പ്രോസിക്യൂഷന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. കൂട്ടുപ്രതിയായ മുൻ തൊണ്ടി ക്ലർക്ക് ജോസ് ഉദ്യോഗസ്ഥ വഞ്ചനയ്ക്ക് ഒരു വർഷം അധിക തടവ് അനുഭവിക്കണം. അതേസമയം, കേസിലെ രണ്ട് പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
നീതിന്യായ രംഗത്ത് തന്നെ അപൂർവ്വമായ ഒരു കേസിലാണ് നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്നും വിധിയുണ്ടായത്. ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാനായി കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ഒരു ജനപ്രതിനിധിയും മുൻ കോടതി ഉദ്യോഗസ്ഥനും ചേർന്ന് നടത്തിയ കുറ്റമാണ് തെളിയിക്കപ്പെട്ടത്. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു. 1990 ഏപ്രിൽ ഏപ്രിൽ നാലിനാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച രണ്ട് പാക്കറ്റ് ചരസുമായി ഓസ്ട്രേലിയൻ പൗരൻ പിടിയിലായിരുന്നു. ഈ കേസിലെ പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടത് കോടതി കസ്റ്റഡിയിലിരുന്ന തൊണ്ടി മുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചതിനെ തുടർന്നാണെന്നാണ് കണ്ടെത്തൽ. തിരുവനന്തപുരം ബാറിലെ അഭിഭാഷകനായിരിക്കെ ആന്‍റണി രാജു കോടതി ക്ലർക്കിന്‍റെ സഹായത്തോടെയാണ് അടിവസ്ത്രം മാറ്റിയതാണെന്നാണ് കേസ്.
10 വർഷം ശിക്ഷിച്ച വിദേശ പൗരനെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം അഭിഭാഷകനായ ആൻ്റണി രാജു തൊണ്ടി ക്ലർക്കിന്‍റെ സഹായത്തോടെ കോടതിയിൽ നിന്ന് പുറത്തേക്കെടുത്ത് വെട്ടി ചെറുതാക്കി വീണ്ടും കോടതിയിൽ വയ്ക്കുകയായിരുന്നു. തൊണ്ടിവസ്ത്രം പ്രതിയുടെതല്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് നാല് വർഷത്തിന് ശേഷം ഹൈക്കോടതി സാൽവദോറിനെ വെറുതെവിട്ടു. ഈ കേസിൽ തെളിവ് നശിപ്പിക്കൽ, കള്ളതെളിവ് ഉണ്ടാക്കൽ, ഗൂഢാലോചന, വ്യാജരേഖയുണ്ടാക്കൽ എന്നിവയ്ക്ക് ആൻ്റണി രാജുവിനെയും ജോസിനെതിരെയും കോടതി ശിക്ഷിച്ചു. സർക്കാർ ഉദ്യോഗസ്ഥൻ നടത്തിയ വഞ്ചനയ്ക്ക് ക്ലർക്കായ ജോസിനെ മാത്രമാണ് ഒരു വർഷം ശിക്ഷിച്ചത്. മറ്റ് വകുപ്പുകളിൽ തെളിവ് നശിപ്പിച്ചതിന് മൂന്ന് വർഷവും 10,000 രൂപയും ഗൂഡാലോചന ആറുമാസവും, കള്ളതെളിവ് ഉണ്ടാക്കതിന് മൂന്നു വർഷവും വ്യാജ രേഖയുണ്ടാക്കിയതിന് രണ്ടു വർഷവുമാണ് ശിക്ഷിച്ചത്. സർക്കാർ ഉദ്യോഗസ്ഥൻ നടത്തിയ വഞ്ചന തെളിഞ്ഞതിനാൽ ജീവപര്യന്തം ശിക്ഷവരെ ലങിക്കുമായിരുന്നു. അതിനാൽ ശിക്ഷ വിധിക്കുമേലുള്ള വാദം സിജെഎം കോടതിയിൽ കേള്‍ക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളിയാണ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.
.
