
തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ നിന്ന് മുന്‍ അധ്യക്ഷന്മാരായ വി മുരളീധരനെയും കെ സുരേന്ദ്രനെയും ഒഴിവാക്കിയതില്‍ അതൃപ്തി. ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിക്കാനാണ് തീരുമാനം. അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നുവെന്നാണ് പരാതി. സംസ്ഥാനത്തെ ഭാരവാഹി പട്ടികയില്‍ നിന്നും മുരളീധര വിഭാഗത്തെ അവഗണിച്ചതായും സൂചനയുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ചുമതലയുള്ള ഭാരവാഹികളുടെയും ജില്ല അധ്യക്ഷന്മാരുടെയും യോഗമായിരുന്നു കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ നടന്നത്. യോഗത്തില്‍ മുന്‍ അധ്യക്ഷന്മാരായ പി കെ കൃഷ്ണദാസും കുമ്മനംരാജശേഖരനും ക്ഷണമുണ്ടായിരുന്നു. ഇരുവരും വേദിയിലിരിക്കുകയും വിവിധ സെഷനുകളില്‍ സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാവ് വി മുരളീധരനും അധ്യക്ഷ ചുമതല ഒഴിഞ്ഞ കെ സുരേന്ദ്രനും യോഗത്തില്‍ ക്ഷണമുണ്ടായിരുന്നില്ല. തദ്ദേശതിരഞ്ഞെടുപ്പ് ഒരുക്കം ചര്‍ച്ചചെയ്യുന്ന യോഗത്തിലേക്ക് മുതിര്‍ന്ന നേതാക്കളെ ക്ഷണിക്കാതിരുന്നത് നേതാക്കള്‍ തമ്മിലുളള കടുത്ത അഭിപ്രായ ഭിന്നത മൂലമാണെന്നാണ് സൂചന. കെ സുരേന്ദ്രൻ്റെയും മുരളീധരൻ്റെയും ഗ്രൂപ്പിലുള്ള നേതാക്കളോടും സമാന സമീപനമെന്നാണ് പരാതി.