
ഡൽഹി : ഈരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് വിഷ്ണുവും ഭാര്യയും നഴ്സിങ് സൂപ്രണ്ടുമായ രശ്മിയും ബ്ളേഡ് മാഫിയയുടെ ഭീഷണി മൂലം ജീവനൊടുക്കിയ വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. ഇരുവര്‍ക്കും ആദരാഞ്ജലികള്‍!
ഇത്രയേറെ ജനകീയ ബന്ധങ്ങളുള്ള ഒരു പൊതു പ്രവര്‍ത്തകന് ബ്ളേഡ് മാഫിയയുടെ ഭീഷണി മൂലം കുടുംബസമേതം ആത്മഹത്യ ചെയ്യേണ്ട സ്ഥിതി കേരളത്തില്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ ബ്ളേഡ് മാഫിയയുടെ ശക്തി എത്രമാത്രമാണ് എന്നു മനസിലാക്കണം. അവരുടെ ഗുണ്ടാ ശക്തിയും പോലീസ് ബന്ധവും നമ്മള്‍ മനസിലാക്കണം. ഇത്തരം സാഹചര്യത്തില്‍ സാധാരണക്കാരന് എന്തു സംരക്ഷണമാണ് സര്‍ക്കാര്‍ കൊടുക്കുന്നത്. ഇത് വെറും ആത്മഹത്യയല്ല. സര്‍ക്കാര്‍ അനാസ്ഥ മൂലമുള്ള കൊലപാതകം എന്നു തന്നെ വിളിക്കേണ്ടി വരും.
ഇതുപോലെ പ്രതിസന്ധി നിലനിന്ന കാലത്താണ് ഞാന്‍ ആഭ്യന്തര മന്ത്രിയായിരിക്കെ, ഓപ്പറേഷന്‍ കുബേര കൊണ്ടുവന്നത്. കേരളത്തിലെ സാധാരണക്കാരന്റെ സൈ്വര്യ ജീവിതത്തിനു മേല്‍ അഴിഞ്ഞാടിയ മുഴുവന്‍ ബ്ളേഡ് മാഫിയയേയും ഇരുമ്പഴിക്കുള്ളിലാക്കാന്‍ ഞങ്ങള്‍ക്കു സാധിച്ചു. നൂറു കണക്കിന് കുടുംബങ്ങളെ കൂട്ട ആത്മഹത്യയില്‍ നിന്നു രക്ഷിച്ചു. കേരളത്തിലെ സാധാരണക്കാരന്റെ വീടുകളില്‍ ശാന്തിയും സമാധാനവും തിരിച്ചു കൊണ്ടുവന്നു.
ബ്ളേഡ് മാഫിയയെ നിയന്ത്രിക്കുന്നതിനും പോലീസ് – ഗുണ്ടാ – ബ്ളേഡ് മാഫിയ കൂട്ടുകെട്ട് നിര്‍മാര്‍ജനം ചെയ്യുന്നതിനും ഓപ്പറേഷന്‍ കുബേര തിരിച്ചു കൊണ്ടുവരണം. ഇക്കാര്യത്തില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല. ഇത് മുന്‍സര്‍ക്കാര്‍ ചെയ്യതിന്റെ തുടര്‍ച്ചയായി നടപ്പാക്കാവുന്നതേയുള്ളു. എത്രയും പെട്ടെന്ന് ഇത് നടപ്പാക്കാനുള്ള ശ്രമം സര്‍ക്കാര്‍ തുടങ്ങണം. ഇനിയും പാവം മനുഷ്യര്‍ ബ്ളേഡ് മാഫിയകളുടെ ഇരകളായി മരിച്ചു വീഴരുത്.
കേരള സ്റ്റോറി പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി കേരളത്തിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ അപലപനീയവും ഫെഡറലിസത്തിന്റെ അന്തസത്തയ്ക്കു നിരക്കാത്തതുമാണ്. ബിജെപി വക്താവ് സുധാന്‍ഷു ത്രിവേദിയും ഡല്‍ഹി മുഖ്യമന്ത്രിയുമൊക്കെ നടത്തുന്ന പരാമര്‍ശങ്ങള്‍ കേരളത്തിനെതിരെ സംഘപരിവാര്‍ നടത്തുന്ന പ്രോപ്പഗാന്‍ഡയുടെ ഭാഗമാണ്. ഈ നുണപ്രചരണമൊന്നും വിലപ്പോവില്ല.
കേരളത്തിലെ ആരോഗ്യമേഖല സമ്പൂര്‍ണ തകര്‍ച്ചയിലാണ്. പക്ഷേ ആരോഗ്യമന്ത്രി തെറ്റായ കണക്കുകള്‍ നിരത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. യു.ഡി.എഫ് സര്‍ക്കാര്‍ സ്ഥാപിച്ച കേന്ദ്രങ്ങള്‍ക്ക് പേരുമാറ്റി അതിന്റെ ഖ്യാതി നേടാനാണ് ശ്രമം. ആരോഗ്യവകുപ്പില്‍ ഒരു ‘സിസ്റ്റമിക് ഫെയിലിയര്‍’ ഉണ്ടെങ്കില്‍, അതിന് ഉത്തരവാദി മന്ത്രി തന്നെയാണ്. സ്വന്തം വകുപ്പിനെ നിയന്ത്രിക്കാന്‍ കഴിവില്ലാത്ത അവര്‍ ഒരു വലിയ പൂജ്യമാണ്, – ചെന്നിത്തല പറഞ്ഞു.