
കളമശ്ശേരിയിൽ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത്; ഡിഎൻഎ ഫലം പുറത്ത്
കൊച്ചി: കളമശ്ശേരി എച്ച്എംടിക്ക് സമീപം കണ്ടെത്തിയ മൃതദേഹം കാണാതായ സൂരജ് ലാമയുടേതാണെന്ന് സ്ഥിരീകരണം. ഡിഎൻഎ ഫലത്തിലാണ് മൃതദേഹം ലാമയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചത്.
നവംബർ 30ന് ആളൊഴിഞ്ഞ ഭാഗത്ത് ഒരുമാസം പഴക്കമുള്ള നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. രണ്ടുമാസങ്ങൾക്ക് ശേഷമാണ് ഡിഎൻഎ ഫലം ലഭിച്ചത്. മകൻ സാന്റോൺ ലാമ കൊച്ചിയിലെത്തിയിട്ടുണ്ട്. എയർപോർട്ട് അതോറിറ്റി, പോലീസ്, ആശുപത്രി തുടങ്ങി എല്ലാ വിഭാഗങ്ങളിൽ നിന്നും വലിയ തോതിലുള്ള അശ്രദ്ധ ഉണ്ടായെന്നും, അച്ഛന്റെ ജീവൻ നഷ്ടപ്പെട്ടത് ഈ സംവിധാനങ്ങളുടെ പരാജയം മൂലമാണെന്നും സാൻഡൽ ലാമ പറഞ്ഞു.
കൊൽക്കത്തയിൽ വേരുകളുള്ള ലാമ വർഷങ്ങൾക്കു മുൻപ് ബെംഗളൂരുവിലെത്തിയതാണ്. അതിനിടയിലാണ് കുവൈത്തിലേക്ക് ബിസിനസിനായി പോയത്. കുവൈത്തിൽ നാല് റസ്റ്ററന്റുകളുടെ ഉടമയായിരുന്നു സൂരജ്. സെപ്റ്റംബർ അഞ്ചിന് കുവൈത്തിൽ വെച്ച് കുഴഞ്ഞുവീണു. പത്തുദിവസത്തെ ചികിത്സയ്ക്കുശേഷം ജീവൻ തിരിച്ചു കിട്ടിയെങ്കിലും ഓർമ്മ പൂർണമായും മറഞ്ഞു. ഇതിനിടെ വിസ കാലാവധി കഴിഞ്ഞെന്നു ചൂണ്ടിക്കാട്ടി കുവൈത്തിൽനിന്ന് ഒക്ടോബർ നാലിന് നാടുകടത്തുകയായിരുന്നു. ബെംഗളൂരുവിന് പകരം കൊച്ചിയിലേക്കാണ് കയറ്റിവിട്ടത്. ഓർമ്മയില്ലാത്തയാളെ അയക്കുന്നത് കുടുംബത്തെയോ സുഹൃത്തുക്കളെയോ അറിയിച്ചിരുന്നില്ല.
തുടർന്ന് മകൻ സാന്റോൺ ലാമ കേരളത്തിലെത്തുകയും പിതാവിനായി തിരച്ചിൽ നടത്തുന്നതും വാർത്തകളായിരുന്നു. കളമശ്ശേരിയിൽ വെച്ച് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ട ഇദ്ദേഹത്തെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെനിന്ന് വീണ്ടും കാണാതാവുകയായിരുന്നു. ഇത് ഉദ്യോഗസ്ഥരുടെയും സർക്കാർ സംവിധാനങ്ങളുടെയും ഗുരുതരമായ വീഴ്ചയാണെന്ന് മകൻ ആരോപിക്കുന്നു.
നാല് മാസത്തോളമായി തന്റെ അച്ഛനെ തിരഞ്ഞു നടന്ന മകൻ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയതുൾപ്പെടെയുള്ള വലിയ നിയമപോരാട്ടമാണ് നടത്തിയത്. മൃതദേഹം ഇപ്പോൾ തിരിച്ചറിഞ്ഞെങ്കിലും അന്ത്യകർമ്മങ്ങളെക്കുറിച്ച് കുടുംബം കടുത്ത മാനസിക വിഷമത്തിലാണ്. മൃതദേഹം ഏറെക്കുറെ ജീർണ്ണിച്ച അവസ്ഥയിലായതിനാൽ അന്ത്യകർമ്മങ്ങൾ കേരളത്തിൽ തന്നെ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.
