
കൈക്കൂലി കേസ്: ജയിൽ ഡി ഐ ജി എം.കെ.വിനോദ് കുമാറിന് സസ്പെൻഷൻ
കൈക്കൂലി കേസിൽ ജയിൽ ഡി ഐ ജി എം കെ വിനോദ് കുമാറിന് സസ്പെൻഷൻ. വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ ശുപാർശ അംഗീകരിച്ചാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. വിനോദ്കുമാർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ കൈക്കൂലി കൈപ്പറ്റിയെന്ന് പ്രാഥമിക അന്വേഷണത്തിൽ വിജിലൻസ് കണ്ടെത്തി. പ്രതികൾക്ക് അനർഹമായ രീതിയിൽ പരോൾ അനുവദിച്ചതുൾപ്പെടെയുള്ള വിഷയങ്ങളിലും വിനോദ്കുമാറിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായതായി കണ്ടെത്തി. ഈ സാഹചര്യത്തിൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ട് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പൂർത്തിയാകുന്നത് വരെ ഡി ഐ ജി എം കെ വിനോദ് കുമാറിനെ സർവീസിൽ നിന്നും സസ്പെന്‍റ് ചെയ്യുന്നതെന്നും ആഭ്യന്തര വകുപ്പ് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതികൾക്ക് സൗകര്യങ്ങളൊരുക്കാനും പെട്ടെന്ന് പരോൾ കിട്ടാൻ ഇടപെടാമെന്ന് പറഞ്ഞ് ബന്ധുക്കളിൽനിന്ന് പണം വാങ്ങിയെന്നാണ് വിനോദ് കുമാറിനെതിരായ കേസ്. പരോൾ നൽകാൻ പ്രതികളുടെ ബന്ധുക്കളിൽനിന്ന് 1.8 ലക്ഷം രൂപ വാങ്ങിയെന്ന കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് കേസെടുത്തത്.
