
സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായി സി പി സന്തോഷ് കുമാർ തുടരും. രണ്ടാം തവണയാണ് സി പി സന്തോഷ് കുമാർ ജില്ലാ സെക്രട്ടറിയാകുന്നത്.
ആദ്യകാല സിപിഐ(എംഎൽ), മേയ്ദിന തൊഴിലാളി കേന്ദ്രം എന്നിവയുടെ നേതാവായിരുന്ന പരേതരായ സി പി വിജയന്റെയും കെ പി മാലിനിയുടെയും മകനാണ്. 1976ൽ എഐവൈഎഫ് വളപട്ടണം യൂണിറ്റ് സെക്രട്ടറി, 1979ൽ സിപിഐ ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി, വളപട്ടണം എഐടിയുസി ഓഫിസ് സെക്രട്ടറി, എഐവൈഎഫ് കണ്ണൂർ താലൂക്ക് പ്രസിഡന്റ്, സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
പാർട്ടി കണ്ണൂർ താലൂക്ക് കമ്മിറ്റി അംഗവും സെക്രട്ടേറിയറ്റ് അംഗവും എട്ടു വർഷം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായിരുന്നു. 13 വർഷമായി പാർട്ടി സംസ്ഥാന കൗൺസിൽ അംഗം. എഐടിയുസി ജില്ലാ ജനറൽ സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, ദേശീയ കൗൺസിൽ അംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹാൻവീവ് ലേബർ യൂണിയൻ (എഐടിയുസി) സംസ്ഥാന ജനറൽ സെക്രട്ടറി, മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു. 1997ൽ ക്യൂബയിൽ നടന്ന ലോകയുവജന സമ്മേളനത്തിൽ എഐവൈഎഫിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവും കേരള മഹിളാസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയും കണ്ണൂർ കോർപറേഷൻ കൗൺസിലറുമായ എൻ ഉഷയാണ് ഭാര്യ. സിഷിൻ സന്തോഷ്, സിബിൻ സന്തോഷ് (സോഫ്റ്റ്‌വേർ എന്‍ജിനീയർ) എന്നിവർ മക്കളാണ്. 39 അംഗ ജില്ലാ കൗൺസിലിനെയും ഇന്നലെ സമാപിച്ച ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു.